Monday, August 6, 2012

കിണറ്റില്‍ എലി

സാജന്‍: കിണറ്റില്‍ എലി വീണല്ലോ


അഭിലാഷ്: ആ എലിപ്പെട്ടി കിണറ്റിലിട് ..


സതീഷ്  : വേണ്ട, നമ്മുക്ക് പൂച്ചയെ ഇടാം.


തൊമ്മന്‍ : ആരും പേടിക്കണ്ട, ഞാന്‍ കിണറ്റില്‍ എലിവിഷം കലക്കീട്ടുണ്ടു.

വെള്ളമടി......

കുര്യാക്കോസച്ചന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മത്തായിച്ചനെ ഒന്ന് ലെവലാക്കി   എടുക്കാന്‍ പറ്റിയില്ല . കുര്യാക്കോസച്ചനു  പിടി  കൊടുക്കാതെ   മത്തായിച്ചന്‍ മുങ്ങി നടക്കുന്നു . അങ്ങനെ  ഇരിക്കെ കുര്യാക്കോസച്ചന്റെ ഏറ്റവും ഇളയ അനിയന്‍  അമേരിക്കയില്‍  ഉള്ള  ഗീവര്‍ഗീസിന്റെ  മോന്‍ ലിജോ വര്‍ഗീസ് പഠിക്കുന്ന  കന്യാകുമാരിയിലെ ഉദയ നഗറില്‍ ഉള്ള ഉദയ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍  വരെ പോകേണ്ടതായ ഒരു ആവശ്യം  വന്നു . ചെറുക്കന്‍ അവിടെ എന്തോ ഏടാകൂടം ഒപ്പിച്ചിട്ടുണ്ട് . അതെന്നതാ  എന്നു  തിരക്കി അറിയാന്‍ വേണ്ടി ആണ്  യാത്ര. ഈ ചില കാര്യങ്ങള്‍ക്കു  വലിയ വലിയ മഹാന്മ്മാര്‍  പേരു കൊടുക്കുന്നത് പലേ കാര്യങ്ങളും മുന്‍കൂട്ടി  കണ്ടിട്ടാവും പക്ഷെ  ചിലര്‍ ചിലതിനു പേരു കൊടുത്താല്‍ അത് നേരെ വിപരീതമാകും  ഉദാഹരണം പറഞ്ഞാല്‍ ചിലര്‍ പിള്ളേര്‍ക്ക് പേരിടും  നാടിനും വീടിനും കൊള്ളാത്ത ഭൂലോക ദരിദ്ര വാസിയും സര്‍വ വൃത്തികേടും കയ്യില്‍   ഉള്ളവന്റെ പേരു സുശീലന്‍  , കറത്ത് കരിക്കട്ടെ പോലെ പല്ലും പൊങ്ങി ഇരിക്കുന്ന്വളുടെ പേരു സുന്ദരി , ഉറുമ്പിന്റെ അത്രെയും കണ്ണുള്ള  പെണ്ണിന്റെ പേരു വിശാലാക്ഷി ,  പക്ഷെ ഇത് അങ്ങനെ അല്ല ഇട്ട പേര് ശെരിക്കും ആപ്റ്റ് ആണ്   അതിന്റെ പേര് ബ്ലൂ ടൂത്ത്  പേര് സൂചിപ്പിക്കുനത്‌ പോലെ അതില്‍ കൂടെ പോകുന്ന 99 % സംഗതികളും ബ്ലൂ ആണ് . ഇതിനെ ആണ് കാരണവന്മ്മാര്‍ ദീര്‍ഘദര്‍ശിത്വം എന്നൊക്കെ  പറയുന്നത്  .ചെറുക്കന്‍ ബ്ലൂ ടൂത്ത് വെച്ചു ഏതാണ്ട്  പണി ഒപ്പിച്ചു.  എന്തായാലും സംഗതികള്‍ എന്താണെന്നറിയാന്‍   കുര്യാക്കോസച്ചന്‍ കോളെജിലേക്ക് പോകാനൊരുങ്ങി  അച്ഛന്‍ തന്ത്രപരമായി മത്തായിച്ചനെയും   കൂട്ടി , പോകണ വഴിയില്‍മൊത്തം കുര്യാക്കോസച്ചന്‍ വക മത്തായിച്ചന്‍ സാരോപദേശം .

 അടിവില്ലില്‍പ്പെട്ടല്ലോ കര്‍ത്താവെ എന്ന് മത്തായിച്ചന്‍ മനസില്‍ പറഞ്ഞു കപ്യാര് വന്നു വാറ്റുകാരി അമ്മിണിയുടെ വീട്ടില്‍ വന്നു " വാ   മത്തായിച്ചാ നമുക്ക് ഒന്ന് കന്യാകുമാരി വരെ  പോകാം "  എന്ന് പറഞ്ഞപ്പോള്‍ അത് ഇങ്ങനെ ഒരു കൊല ചതി ആകുമെന്ന് പുണ്യാളന്‍ ആണേ മനസില്‍ തോന്നിയില്ല , അങ്ങനെ വല്ല ക്ലൂ കിട്ടിയിരുന്നെങ്കില്‍  കപ്യാര്‍  അല്ല സാക്ഷാല്‍ മാര്‍പ്പാപ്പ വന്നു വിളിച്ചാലും മത്തായിച്ചന്‍ ഈ  ഏര്‍പ്പാടിന് ഇറങ്ങുകേലായിരുന്നു. തിരിച്ചു ചെല്ലട്ടെ ആ ......... കപ്യാരെ ഒന്ന് കൈകാര്യം ചെയ്യുന്നുണ്ട് . വിളിക്കാന്‍ വന്നപ്പോള്‍ ആ പുളുംന്താന്   " സ്പെഷല്‍ വെട്ടിരിമ്പ് "  രണ്ടു ഗ്ലാസ്‌ മേടിച്ചു കൊടുത്തതാ  . സ്മരണയില്ലാത്ത പന്നാടന്‍ .. ങ്ഹാ യേശുവിനെ ഒറ്റി ക്കൊടുത്തു പ്പിന്നെ യാണോ ഇതു എന്ന് മനസ്സില്‍ സ്മരിച്ചു

ബൂസ്റ്റ്‌ കഴിക്കാത്തതിന്റെ ഏനക്കേട് ഒരു വശത്ത്  അച്ഛന്റെ  കണാ കൊണാ  ഉപദേശം   മറു വശത്ത് ആകെ ക്കൂടെ എടങ്ങേറ് ആയി .  കോളേജ്  അടുക്കാറായി വരുന്നു . പെട്ടന്ന് അത് വരെ തലയാട്ടി എല്ലാം മൂളി കേട്ടു കൊണ്ടിരുന്ന മത്തായിച്ചന്‍ പുറത്തോട്ടു നോക്കിയിട്ട് അച്ഛനോട് ഒരു ചോദ്യം ചോദിച്ചു " അല്ലച്ചോ നമ്മള്‍  ഈ പോകുന്ന പോക്കില്‍  13 കിലോമീറ്റര്‍ കൂടി പോയാല്‍ പ്പിന്നെ  വെള്ളമടിക്കാന്‍  പറ്റുമെന്ന് ദാണ്ടേ സര്‍ക്കാര്‍ എഴുതി വെച്ചിരിക്കുന്നു അത് കൊള്ളാമല്ലോ അച്ചോ "

" എന്നതാടാ മത്തായി എന്തുവാ നീ ഈ പറയുന്നത്  "

 "അച്ഛന്‍ ദാണ്ടേ പുറത്തോട്ടു നോക്കിയാട്ടെ " മത്തായി പുറത്തോട്ടു കൈ ചൂണ്ടി

മത്തായി കൈ ചൂണ്ടിയടത്തോട്ടു നോക്കിയ  അച്ഛന്‍ അവിടെ കണ്ട മൈല്‍ കുറ്റി കണ്ടു ഞെട്ടി 




Saturday, August 4, 2012


പ്രണയത്തിന്‍റെ നാനാര്‍ഥങ്ങള്‍

ഞാനും അവളും തമ്മില്‍ മുടിഞ്ഞ പ്രേമമായിരുന്നു.


സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം.


വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാടു വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ‍ഞാന്‍ കേട്ടു.


ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അതു ചെയ്തില്ല. അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്‍ക്കു സൗന്ദര്യമുണ്ടായിരുന്നു, കുറഞ്ഞതോതിലാണെങ്കിലും ഇപ്പോളുമുണ്ട് എന്നു ഞാനങ്ങു വിശ്വസിച്ചു.


അവിടെയായിരിക്കണം തുടക്കം.


ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്‍റെ പ്രണയം. അതിന്‍റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക് എന്നോടില്ലാത്തതും അതായിരുന്നു.


അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍ വീഴ്ത്തി.


ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍ പോലുമറിയാതെ, അതങ്ങനെ വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.


മിക്സ്ഡ്സ്കൂളിന്‍റെ സ്വാതന്ത്ര്യങ്ങളില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ പഠിക്കുന്ന കോളേജ്  എന്ന കാരാഗ്രഹത്തിലേക്ക് പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം.


തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍ പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക്ക് നല്‍കിപ്പോരുകയും ചെയ്തു.


ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്‍പിച്ചു വീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍ പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.


ആര്‍ത്തിയോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.


മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!!


അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു കൈമാറി.


ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.


അവള്‍ വായിച്ചു കാണും. അതിങ്ങനെയായിരുന്നു


നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!


അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം ‍ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള് ആത്മാര്‍ഥമായി പ്രണയിച്ചു.


എല്ലാ പ്രണയങ്ങളുടെയും ഒടുവില്‍ സംഭവിക്കുന്ന ട്രാജഡി പോലെ ഞങ്ങളു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെത്തന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷേ, ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ടു സംരക്ഷിച്ചു പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം- കല്യാണം കഴിച്ചേ തീരു...


അവളുടെ വീട്ടില്‍ കല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. അവളുടെ അപ്പന്‍ ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായി എത്തിയതോടെ കൊച്ചിന്‍റെ കോളജില്‍പ്പോക്കു നിന്നു. എന്നും കട്ടന്‍കാപ്പിയും പരിപ്പുവടയുമായി ഓരോരുത്തരുടെ മുന്നില്‍ച്ചെന്ന് ചമഞ്ഞുനില്‍ക്കാനും പിന്നീട് ആട്ടിന്‍കൂടിനടുത്തുവച്ചു നടക്കുന്ന സൗഹൃദഅഭിമുഖത്തില്‍ പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി.


എനിക്കായിരുന്നു തിരക്കേറെ. എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന ഉത്തരവാദിത്തം ഉദ്ദേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് അഥവാ മുടക്കത്തപാല്‍ മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്‍ ആ കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കിപ്പോന്നു.


ദൈവത്തിനു നന്ദി!


ഈ ദൈവം മാത്രമായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ.


അവളുടെ അപ്പന്‍................................................. ചേട്ടനു മുന്നില്‍ ഞാനൊരു പുഴുവായിരുന്നു. അവളുടെ അങ്ങളമാരുടെ മുന്നില്‍ ഞാന്‍ ഒരു പാഴായിരുന്നു. സ്വന്തമായി കൂലിയും വേലയുമില്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും പെണ്ണുതരുകേല എന്നതായിരുന്നു അവസ്ഥ.


ഈ ദുരവസ്ഥയില്‍ പലവഴിക്കു മണിയടിക്കാന്‍ നോക്കിയിട്ടും ദൈവം കനിഞ്ഞില്ല.


അവളുടെ സമ്മതമില്ലാതെ അവളുടെ കല്യാണമുറപ്പിച്ചു. അവളു കയറുപൊട്ടിക്കാന്‍ തുടങ്ങി. എന്‍റെ ചങ്കുപൊട്ടി.


ഇനിയിപ്പോള്‍ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിനു മുന്‍പ് ഒഫിഷ്യലായി അവളുടെ വീട്ടില്‍പ്പോയി പെണ്ണുചോദിക്കണം. അതിനു മുന്‍പ് തന്‍റെ വീട്ടില്‍ കാര്യമറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ അപ്പന്‍ സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഞാന്‍ അവളോട് അങ്ങനെ പറഞ്ഞത്.


നമുക്ക് ആത്മഹത്യ ചെയ്യാം....?!!!


ഈ ലോകത്തില്‍ നമുക്കു സ്വൈര്യമായി ജീവിക്കാന്‍ പറ്റില്ല. ആ നിലയ്ക്ക് മരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോ പോയി നമുക്കു സുഖമായി ജീവിക്കാമല്ലോ...


അവളതു കേറിയങ്ങു സമ്മതിച്ചു കളഞ്ഞു. എന്‍റെ ഉള്ള ജീവന്‍ അതോടെ പോയിക്കിട്ടി!!!


പിറ്റേന്നു മുതല്‍ എന്നാണ് ആത്മഹത്യ, എങ്ങനെയാണുചാകുന്നത് എന്നീ ചോദ്യങ്ങളായി കൂടുതല്‍. ഞാന്‍ അങ്ങോട്ടിട്ട ഐഡിയ ആയതിനാല്‍ ഞാന്‍ തന്നെ എങ്ങനെ തട്ടിത്തെറിപ്പിക്കും?!!
ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.


എങ്ങനെ മരിക്കണം???


തുങ്ങിച്ചാകാന്‍ അവള്‍ക്കു പേടിയായിരുന്നു. എനിക്കും. വിഷം കഴിച്ചാല്‍ മരിക്കുമെന്നുറപ്പില്ല. കടലില്‍ ചാടിയാലും അതുതന്നെ സ്ഥിതി. ആ നിലയ്ക്ക് ട്രെയനിനു തലവച്ചു ചാകുകയാണ് ഉചിതമായ വഴി എന്ന് അവള്‍ തന്നെപറഞ്ഞുതന്നു. അതാവുമ്പോള്‍ ഒറ്റസെക്കന്‍ഡില്‍ തീരുമാനമാവും!!


മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു. ട്രെയിന്‍ വരുന്നതു വരെ പാളത്തില്‍ തലവച്ചു കിടക്കുന്നതു വല്ലവരും കണ്ടാല്‍???


തലവച്ചു കിടക്കുന്നതൊക്കെ പഴയ സ്റ്റൈല്‍. ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ടു ചാടുന്നതാണ് പുതിയ സ്റ്റൈല്‍. അവള്‍ തിരുത്തിത്തന്നു.


പിന്നെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കൂകിപ്പാഞ്ഞുവന്ന ട്രെയിനിനു മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട് അവള്‍ എടുത്തു ചാടി.


ഡും!!


ഞങ്ങളു മരിച്ചു.


പത്തു സെക്കന്‍ഡിനകം ഞങ്ങളു സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തേല്‍ കേറി മുംബൈയില്‍ എത്തണേല്‍ വേണം ഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും പോലും ദൂരമില്ലെന്ന് അപ്പോള്‍ ആണു മനസ്സിലായത്.


ചെന്നാപാടെ ദൈവത്തെ കേറിക്കണ്ടു.


ഭൂമിയില്‍ ഒരുമിച്ചു ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തതിനാല്‍ വന്നതാണ്. ഇവിടെ വച്ച് ഞങ്ങളുടെ കല്യാണം നടത്തിത്തരണം.


ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.


ശരി. ഒരുവര്‍ഷം ഇതിലേ പ്രേമിച്ചു നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും ശല്യമില്ലല്ലോ. അതുകഴിഞ്ഞാവാം കല്യാണം.


ദൈവം റൊമാന്‍റിക്കായ കക്ഷിയാണെന്നു പിടികിട്ടി. ചുമ്മാ അടിച്ചുപൊളിച്ചോളാനും പറ‍ഞ്ഞ് ഒരുവര്‍ഷത്തെ ഓഫറാണു തന്നിരിക്കുന്നത്.


പിറ്റേന്നു മുതല്‍ ടിപരിപാടി തുടങ്ങി.


രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ചകഴിഞ്ഞ് വൈകിട്ടുവരെ പ്രണയം. വൈകിട്ടു മുതല്‍ രാത്രി ഉറങ്ങാന്‍ പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം. സ്വപ്നത്തിലും പ്രണയം.


ആദ്യ ഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു. പിന്നെ, പതിയെപ്പതിയെ ബോറഡി തുടങ്ങി.


പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാലു വര്‍ത്തമാനം പറയുന്നതിന്നിടയ്ക്ക് പരിചയക്കാര്‍ ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും അവളുടെ അപ്പനേയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്നു സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.


എന്നിരുന്നാലും, ദൈവം എന്തു വിചാരിക്കും, അവള്‍ എന്തു വിചാരിക്കും എന്നു കരുതി ഞാന്‍ വീണ്ടും പ്രണയം തുടര്‍ന്നു. അവളും.


എത്രകാലം ഇതു സഹിക്കും. പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്‍ പിടിവാശിക്കാരന്‍. അവളാണേല്‍ മുന്‍ശുണ്ഠിക്കാരി. ഇത്രയും കാലം ഇതൊന്നും പുറത്തുവന്നിരുന്നില്ല. പുറത്തുകാണിക്കാന്‍ സമയവുമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണി പോലെ അവളു കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നു വച്ചാല്‍....


എനിക്കു ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. അവളെന്തു വിചാരിക്കും?!! അവളൊന്നും വിചാരിക്കില്ലെന്നു മനസ്സിലായത് പിന്നീടൊരു ദിവസമായിരുന്നു. എന്തോ പറഞ്ഞ് പറഞ്ഞുണ്ടായ കോപത്തിന്‍റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ചുകളഞ്ഞു.


പിന്നെയൊരു ഭീഷണിയും- ഇനി മേലാല്‍ താന്‍ എന്‍റെ പിന്നാലെ നടക്കരുത്!!!


നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നു പറയാന്‍ ഞാന്‍ പോയില്ല. എന്‍റെ പട്ടിപോകും!!!


പിറ്റേന്ന് ഞാനും അവളുംകൂടി ദൈവത്തെ ചെന്നു കണ്ടു.


എന്തു പറ്റി? ആറുമാസമല്ലേ ആയൂള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന നിര്‍ബന്ധമായോ? ചിരിച്ചുകൊണ്ടു ദൈവം ചോദിച്ചു.


കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു- കല്യാണം നടത്തേണ്ടെന്‍റെ ഒടേതമ്പുരാനേ.......ഇതൊന്നു ഡിവോഴ്സ് ആക്കിത്തന്നാ മതി!!!!


Saturday, July 23, 2011

കേരളാ ട്രാഫിക് ഗൈഡ്

കേരളത്തിലെ റോഡുകളിലൂടെ വാഹനമോടിക്കാനാഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കും പുതുതായി ഡ്രൈവിങ് പഠിക്കുന്നവര്‍ക്കും ഉള്ളതാണ് ഈ ട്രാഫിക് ഗൈഡ്.ഇത് ശ്രദ്ധിച്ച് നിങ്ങളുടെ റോഡ് ജീവിതം ആരംഭിച്ചാല്‍ നിരാശപ്പെടേണ്ടി വരില്ല




1. ഇടത് വശം ചേര്‍ന്ന് വാഹനമോടിക്കണം എന്നാണ് ചട്ടം എങ്കിലും അത് നിങ്ങളൊഴികെ മറ്റുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ള നിയമമാണെന്ന് ഉറച്ചുവിശ്വസിക്കുക. ആവശ്യമനുസരിച്ച് ഏതുവശത്തുകൂടെയും വണ്ടിയോടിക്കാം.കഴിവതും നടുക്കുകൂടി മാത്രം ഓടിക്കുക.
 
2. റോഡില്‍ നിങ്ങളുടെ വേഗതയാണ് യഥാര്‍ത്ഥ വേഗതയെന്നും മറ്റുള്ളവര്‍ അതനുസരിച്ച് അമിതവേഗത്തിലോ അമിതവേഗക്കുറവിലോ ആയിരിക്കുമെന്ന് മനസിലാക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ മെല്ലെപ്പോകുന്ന വാഹനങ്ങളെ എല്ലാം ഓവര്‍ടേക്ക് ചെയ്യുകയോ നിങ്ങളെ ഓവര്‍ടേക്ക് ചെയ്‍തു പോകുന്ന വാഹനങ്ങളെ “നിന്റെ ഒടുക്കത്തെ പോക്കാടാ”, “ആരെടെ ....... കെട്ടിക്കാന്‍ പോവാടാ” തുടങ്ങിയ അടയാളവാക്യങ്ങള്‍ കൊണ്ട് അനുഗ്രഹിക്കുകയോ ചെയ്യാം.


3. ഓവര്‍ടേക്കിങ് എവിടെവച്ചും ആകാം. നിങ്ങള്‍ ഓവര്‍ടേക്ക് ചെയ്യാന്‍ തീരുമാനിക്കുന്ന നിമിഷം മുമ്പിലുള്ള വാഹനം ഇടത് ചേര്‍ത്ത് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി നിങ്ങളെ വണങ്ങി നില്‍ക്കുയാണ് വേണ്ടതെങ്കിലും തല്‍ക്കാലം വാഹനത്തിനുള്ളില്‍ തന്നെയിരുന്ന് വിവിധതരം സിഗ്‍നലുകളാല്‍ നിങ്ങളെ അഭിവാദ്യം ചെയ്യേണ്ടതാകുന്നു. അങ്ങനെ ചെയ്യാതിരിക്കുകയോ നിങ്ങളെ കടത്തിവിടാന്‍ വൈമുഖ്യം കാണിക്കുകയോ ചെയ്യുന്ന പക്ഷം ബലമായി വേഗം കൂട്ടി മറ്റേവാഹനത്തിന്റെ ഒപ്പം നിന്ന് ഡ്രൈവറെ നോക്കി കൈകൊണ്ട് “എന്നാ ഒണ്ടാക്കുവാടാ കോപ്പേ” എന്ന അര്‍ത്ഥം വരുന്ന ആംഗ്യം കാണിക്കുകയും പുച്ഛവും രോഷവും അടങ്ങിയ നോട്ടത്തോടെ മുന്നില്‍ കയറിക്കഴിഞ്ഞാല്‍ വണ്ടി ഇടത്തേക്ക് ചേര്‍ത്ത് അവനെ ഒതുക്കി പറ്റുമെങ്കില്‍ ഓടയില്‍ ചാടിക്കേണ്ടതാകുന്നു.


4. നിങ്ങളുടെ എതിര്‍വശത്ത് നിന്ന് ഓവര്‍ടേക്ക് ചെയ്‍ത് കയറിവരുന്ന വാഹനങ്ങളോടും സമാനമായ സമീപനമായിരിക്കണം. എത്ര ദൂരെ നിന്നായാലും ശരി ഒരു വാഹനം ഓവര്‍ടേക്ക് ചെയ്യുന്നത് കണ്ടാല്‍ വിടരുത് . ഹെഡ്‍ലൈറ്റ് അങ്ങ് ഇട്ടേക്കണം. അവന്‍ വിരണ്ട് പിന്മാറട്ടെ. റോഡ് ലോകത്തിന്റെ അവസാനം വരെ നിങ്ങളുടെ വാഹനത്തിന് തടസ്സമില്ലാതെ പോകാന്‍ പാകത്തില്‍ കിടക്കേണ്ടതാകുന്നു. ഈ ലക്ഷ്യത്തിനു വേണ്ടി ഹോണ്‍ ഉപയോഗിക്കാം. ഞെക്കി പിടിക്കുക. പെണ്‍കുട്ടികള്‍ നടന്നു പോകുന്നത് കാണുമ്പോള്‍ വളരെ ചെറിയ ഹോണ്‍ മുഴക്കാവുന്നതാണ് എടീ എന്നു വിളിക്കുന്നത് പോലെ കീ എന്നൊരു സാധനം. 98 ശതമാനം പെണ്ണുങ്ങളും നോക്കിയിരിക്കും. കീകീകീകീകീ… എന്നു നീട്ടിയടിക്കുകയോ വളഞ്ഞുപുളഞ്ഞ ഈണമുള്ള എയര്‍ഹോണ്‍ മുഴക്കുകയോ ചെയ്യരുത്. നിങ്ങള്‍ ഭൂലോകവായില്‍നോക്കിയാണെന്ന് അവള്‍ തിരിച്ചറിഞ്ഞുകളയും.



5. പാര്‍ക്കിങ് ആണ് മറ്റൊരു പ്രധാനസംഗതി. കഴിയുന്നതും നോ പാര്‍ക്കിങ് ബോര്‍ഡുകളുടെ ചുവട്ടില്‍ തന്നെ ഇടുക. കാരണം ബോര്‍ഡിന്റെ ചുവട്ടില്‍ പിന്നെ ഒരു പൊലീസുകാരന്‍ കൂടി നില്‍ക്കില്ല. പാര്‍ക്കിങ് പരിധിക്കു പുറത്തോ മറ്റോ മാത്രമേ പാവങ്ങള്‍ നില്‍ക്കൂ. ഇവിടം നോ പാര്‍ക്കിങ് സ്ഥലമാണ് എന്നൊക്കെ പറഞ്ഞ് പാവപ്പെട്ട കോടീശ്വരന്മാരുടെ കയ്യില്‍ നിന്ന് പണം വാങ്ങാന്‍ പറ്റൂ. അഥവാ വല്ല പൊലീസുകാരനും ബോര്‍ഡ് ചൂണ്ടിക്കാണിച്ചു കൊണ്ട് വന്നാല്‍ അയ്യോ സര്‍ നോ കണ്ടില്ല കേട്ടോ, അത് തെളിഞ്ഞിട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞ് ഊരാം.



6. സീബ്രവരകളാണ് മറ്റൊരു സംഗതി.പ്രധാന ജംക്ഷനുകളിലും മറ്റും റോഡിന്റെ ഭംഗികൂട്ടാന്‍ വേണ്ടിയാണ് ഇത് വരയ്‍ക്കുന്നത്. ചിലര്‍ ഇതു വഴി റോഡ് മുറിച്ചുകടക്കാറുമുണ്ട്. രോഗികള്‍ വൃദ്ധര്‍ വികലാംഗര്‍ സ്‍ത്രീകള്‍ കുട്ടികള്‍ തുടങ്ങിയവര്‍ ഇതുവഴി റോഡ് മുറിച്ചുകടക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല. എന്നാല്‍ വീരശൂരപരാക്രമികളായ നിങ്ങള്‍ വെറുമൊരു റോഡ് മുറിച്ചുകടക്കാന്‍ സീബ്രവരയില്‍ കാത്തുനില്‍ക്കുക എന്നത് വളരെ ല‍ജ്ജാകരമാണ്. വാഹനങ്ങള്‍ ചീറിപ്പായുന്ന സമയത്ത് വരയില്ലാത്ത ഭാഗത്തുകൂടി കൂളായിട്ട് മുറിച്ചുകടക്കുകയാണ് വേണ്ടത്.


7. റോഡിലെ സ്‍ത്രീകളാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. ഹോണ്‍ അടിക്കുന്നതിനെക്കുറിച്ച് മുകളില്‍ പറഞ്ഞുകഴിഞ്ഞു. റോഡില്‍ കാല്‍നടക്കാരായും മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരായും ഒക്കെ ധാരാളം സ്‍ത്രീകളുണ്ടാവും ഇവരുമായുള്ള ബന്ധം എങ്ങനെയായിരിക്കുന്നു എന്നത് പ്രധാനമാണ്. നിങ്ങളുടെ വാഹനത്തിന്റെ മുന്നില്‍ ഒരു ബൈക്കിന്റെ പിന്നില്‍ ഒരു സ്‍ത്രീ ഇരിപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും ആ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യേണ്ട കാര്യമില്ല. ബസ്‍ സ്‍റ്റോപ്പുകളില്‍ കാത്തുനില്‍ക്കുന്നവരെയും ശ്രദ്ധിക്കുക. ബസിനെ മാത്രം കാത്തുനില്‍ക്കുന്നവരുണ്ട്. അവരെ വിട്ടേക്കുക. അവര്‍ ബസിനേ കയറൂ. ബസുകിട്ടാതെയും മറ്റും ഏതെങ്കിലും ഒറു ലിഫ്‍ട് കിട്ടാന്‍ പ്രാര്‍ത്ഥിച്ച് രോഡിലൂടെ പോകുന്ന ഓരോ വാഹനത്തിന്റെയും ഡ്രൈവറെ നോക്കി നോക്കി നില്‍ക്കുന്നവരുമുണ്ടാവും. വണ്ടി ചവുട്ടി നിര്‍ത്തുക. അവര്‍ അടുത്തെത്തുമ്പോള്‍ പരിചയപ്പെടുത്താനൊന്നും നില്‍ക്കാതെ പോവേണ്ട സ്ഥലം ചോദിക്കുക, കയറാന്‍ പറയുക.ബാക്കി കാര്യങ്ങള്‍ മുറ പോലെ നടന്നോളും.

8. ബസുകള്‍ കേരളത്തിലെ റോഡുകളിലെ ഒഴിച്ചുകാടാനാവാത്ത സംഗതികളാണല്ലോ. അതുപോലെ തന്നെ നാഷനല്‍ പെര്‍മിറ്റ് ലോറികളും. രണ്ട് കൂട്ടരോടും അല്‍പം ബഹുമാനമൊക്കെയാവാം. കാരണം, അവന്മാര്‍ തട്ടിയിട്ടേച്ചുപോയാല്‍ ഹൈവേ പൊലീസ് പോലും തിരിഞ്ഞു നോക്കില്ല. നാഷനല്‍ പെര്‍മിറ്റ് ലോറികളില്‍ നിന്ന് മിനിമം 10 കിലോമീറ്ററെങ്കിലും അകലം പാലിക്കുക. അതില്‍ നിന്ന് ആര് ,എപ്പോള്‍ ,എങ്ങനെ ചാടിവരും എന്നത് പറയാനൊക്കാത്തതിനാലാണീ മുന്‍കരുതല്‍. ബസുകളോടും അങ്ങനെ തന്നെയായിരിക്കണം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്‍റ്റുകളോട് നമുക്ക് ചെയ്യാന്‍ കഴിയുന്നതിത്രമാത്രം. ബസ് പിന്നിലാണെങ്കില്‍ നിങ്ങളുടെ വാഹനം റോഡിന്റെ നടുവിലൂടെ തന്നെ ഓടിക്കുക. ഒന്നു കയറിപ്പോകാന്‍ വേണ്ടി വെപ്രാളപ്പെട്ട് സര്‍ക്കാര്‍ ഡ്രൈവന്‍ ബസ് റോഡിന്റെ ഇടത്തും വലത്തും ഓടിച്ചാലും ശരി നിങ്ങള്‍ അണുവിടപോലും മാറ്റിക്കൊടുക്കരുത്. സംസ്ഥാനസര്‍ക്കാര്‍ നിങ്ങളുടെ കാരുണ്യം തേടി ഓച്ഛാനിച്ചുനില്‍ക്കുന്നതിന് സമാനമായ ചില തോന്നുലുകള്‍ ഉണ്ടാവുന്നത് ആസ്വദിക്കുക. എന്നാല്‍ ഏറെ നേരം നമുക്കിങ്ങനെ നില്‍ക്കാന്‍ കഴിയില്ല. അതിന് എതിര്‍വശത്ത് നിന്ന് ഒന്നിലേറെ വാഹനങ്ങള്‍ വരുന്നുണ്ട് എന്നു ബോധ്യമായാല്‍ പഞ്ചപാവത്തെപ്പോലെ നിങ്ങള്‍ വണ്ടി സൈഡിലേക്കൊതുക്കി വേഗത ഒന്നുകൂടി കുറച്ച് കയറിപ്പൊയ്‍ക്കൊള്ളാന്‍ ആംഗ്യം കാണിക്കുക. എങ്ങനെ കയറിപ്പോകാന്‍ ? എന്നാല്‍ എതിര്‍വശത്തു നിന്നുള്ള വാഹനങ്ങള്‍ പോയിക്കഴിയുമ്പോള്‍ അവന്‍ ആവേശപൂര്‍വം ഇരപ്പിച്ചുവരും ഈ സമയം നിങ്ങളും വേഗം കൂട്ടി റേഡിനു നടുവിലേക്കു കയറി വഴി മുടക്കുക. തിരക്കില്ലാത്ത യാത്രകളില്‍ ബോറടി മാറ്റാന്‍ പറ്റുന്ന രസകരമായ ഗെയിമാണിത്.

9. മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ചും സര്‍ക്കാര്‍ ചില നിയമങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സത്യത്തില്‍ വാഹനമോടിക്കുമ്പോഴാണ് നമ്മള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കേണ്ടത്. ഫോണ്‍ തോളില്‍ വച്ച് സംസാരിക്കുന്നതിനെക്കാള്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. ബ്ലൂടൂത്ത് ഹെ‍ഡ്‍സെറ്റ് ആണെങ്കില്‍ വളരെ സൌകര്യമായി. അത്യാവശ്യം സംസാരിക്കുന്ന പെണ്‍കുട്ടികളെയൊക്കെ വിളിക്കാന്‍ പറ്റിയ സമയമാണ് ഡ്രൈവിങ്.

10. ഹൈവേ പൊലീസ്, വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്, ലോക്കല്‍ പൊലീസ് തുടങ്ങിയ ശല്യങ്ങളെയാണ് അടുത്തതായി കൈകാര്യം ചെയ്യേണ്ടത്. കൈനീട്ടുമ്പോഴേ പരുങ്ങരുത്. വിലകൂടിയ വാച്ച് മോതിരം തുടങ്ങിയ സംഗതികളോടുകൂടിയ ഒരു കൈ സ്വന്തമായുണ്ടാവണം. ലെവന്മാര്‍ കൈ നീട്ടുമ്പോള്‍ നിങ്ങള്‍ പുറത്തേക്കിടുന്നത് ഈ സംഗതിയാണല്ലോ. അത് കാണുമ്പോളെ ഇവന്‍ ചില്ലറക്കാരനല്ല്ലല്ലോ എന്നവര്‍ക്കു തോന്നണം. അടുത്ത പടി ഡയലോഗ് കാച്ചാം- പ്ലീസ്, നമുക്ക് പിന്നെ കാണാം.. ഒരു കോണ്‍ഫറന്‍സിന് പോകുന്നവഴിയാ.. മിനിസ്‍റ്റര്‍ ചേംബറില്‍ വെയിറ്റ് ചെയ്യുന്നു..നമുക്ക് പിന്നെ കാണാം..! അല്ലെങ്കില്‍ -ഞാന്‍ കലക്ടറുടെ കൂടെ രണ്ട് ദിവസമായി ഉറക്കം പോലുമില്ലാതെ ഒരു പ്രൊജക്ടിന്റെ പിന്നാലെയായിരുന്നു. അയാം ടയേര്‍ഡ്.. പ്ലീസ് നമുക്ക് പിന്നെ കാണാം ! – തുടങ്ങിയ ഡയലോഗുകളാണ് ഫലപ്രദം.

ഇതിന്റെ പ്രായോഗിക വശമെന്ന നിലയില്‍ വണ്ടിയുടെ മുന്‍വശത്തും പിന്നിലും വിവിധ തരം സ്‍റ്റിക്കറുകള്‍ ഒട്ടിക്കാവുന്നതാണ്. വക്കീല്‍, ഡോക്ടര്‍, പ്രസ്,ലയണ്‍,ജേസി തുടങ്ങിയ സ്‍റ്റിക്കറുകളാണ് വേണ്ടത്. എല്ലാം കൂടി ഒട്ടിക്കണമെന്നില്ല. ഓരോന്നോരോന്നായി മതി. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.മുന്‍പില്‍ വക്കീലിന്റെ ചിഹ്നം ഒട്ടിച്ചാല്‍ കഴിയുമെങ്കില്‍ പിന്നിലും അത് തന്നെ ഒട്ടിക്കുക. ഇനിയിപ്പോള്‍ മാറിപ്പോയിട്ട് ആരെങ്കിലും ചോദിച്ചാലും നിങ്ങള്‍ വക്കീലും ഭാര്യ ഡോക്‍ടറുമാണെന്ന് പറഞ്ഞേക്കുക. അത്ര തന്നെ.


മലയാളം ഫിലിം ഇണ്ടസ്ട്രി എണ്ട്രന്‍സ് എക്‌സാമിനേഷന്‍

 

 

ലോകസിനിമയ്ക്ക് മലയാള സിനിമ നല്‍കിയിട്ടുള്ള സേവനങ്ങള്‍ അനന്തമായി നില്‍ക്കുമ്പോഴും മലയാളികള്‍ക്ക് മലയാളസിനിമയോടുള്ള പുച്ഛം അവസാനിക്കുന്നില്ല. എന്തുമാത്രം നല്ല കഥകളും മുഹൂര്‍ത്തങ്ങളും നമ്മള്‍ കണ്ടു കഴിഞ്ഞു. കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്ത ഫൈറ്റുകളും സോങ്ങുകളും ബലാല്‍സംഗസീനുകളും വേറെ കിടക്കുന്നു. ഒരു ചലച്ചിത്രവിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം കരിമല ചവിട്ടുന്ന കന്നി അയ്യപ്പന്റെ മനസ്സോടെ സമീപിക്കാവുന്ന ഒന്നാണ് മലയാള സിനിമ. എന്നാല്‍ മലയാളസിനിമയുടെ ആഴവും പരപ്പും മനസ്സിലാക്കാന്‍ തക്കവിധത്തിലുള്ള ഒരു പാഠപുസ്തകമോ ഇന്‍സ്റ്റിറ്റിയൂട്ടോ ഇവിടെയില്ല. ഉള്ളവയൊക്കെ പഠിപ്പിക്കുന്നത് കുറസോവയും സത്യചിത്‌റേയുമൊക്കെ എന്തു ചെയ്തു എന്നാണ്.
ഈ സാഹചര്യത്തില്‍ മലയാള സിനിമയെയും കേരളസംസ്‌കാരത്തെയും അടുത്തറിയുന്നതിനും ചലച്ചിത്രവിദ്യാര്‍ഥികള്‍ക്ക് അതുവഴി കൂടുതല്‍ മികച്ച സിനിമകള്‍ നിര്‍മിക്കുന്നതിനും സഹായിക്കുന്ന ഒരു ചലച്ചിത്ര ക്വിസ് ആണ് ഇവിടെ അവതരിപ്പിക്കുന്നത്. വെറുമൊരു ക്വിസ് എന്നതിനപ്പുറം സിനിമ ചെയ്യണമെന്ന മോഹവുമായി പ്രൊഡ്യൂസറുടെ മടയില്‍ വന്നു കയറുന്ന അതിമോഹികള്‍ക്കുള്ള ഒരു എന്‍ട്രന്‍സ് പരീക്ഷയായി ഇത് ഉപയോഗിക്കാം. ഇത് പാസ്സാകുന്നവനേ ഇവിടെ സിനിമയെടുക്കാന്‍ അനുമതി നല്‍കാവൂ. 8 മുതല്‍ 10 പോയിന്റ് വരെ നേടുന്നവര്‍ക്ക് ഉടന്‍ തന്നെ ഒരു സിനിമയെടുക്കാം. 5 മുതല്‍ 8 വരെ പോയിന്റ് നേടുന്നവര്‍ കുറച്ചുകൂടി സിനിമകള്‍ കണ്ട് വിഞ്ജാനം വര്‍ധിപ്പിക്കണം. 5 പോയിന്റില്‍ താഴെ മാത്രം ലഭിക്കുന്നവര്‍ സിനിമ കണ്ടാല്‍ മതി, കൂവരുത്.

മലയാളം ഫിലിം ഇണ്ടസ്ട്രി എണ്ട്രന്‍സ് എക്‌സാമിനേഷന്‍

(എല്ലാ ചോദ്യങ്ങള്‍ക്കും 1 മാര്‍ക്ക് വീതം. ശരിയുത്തരം ബ്രാക്കറ്റില്‍ നിന്നും തിരഞ്ഞെടുക്കാം)


1. കേരളസമൂഹത്തിലെ ഏറ്റവും വലിയ സാമൂഹികപ്രശ്‌നം എന്താണ് ?


(കാവിലെ ഉല്‍സവത്തിന്റെ പേരില്‍ കുടുംബങ്ങള്‍ തമ്മിലുള്ള ശത്രുത, നല്ലവരായ കൂലിത്തല്ലുകാരെ ദുഷ്ടന്‍മാരായ പൊലീസുകാര്‍ വേട്ടയാടുന്നത്, അന്‍പതു കഴിഞ്ഞ ചെറുപ്പക്കാരുടെ പിന്നാലെ പ്രണയാഭ്യര്‍ഥനയുമായി പച്ചത്തക്കാളി പോലുള്ള പെണ്‍പിള്ളേര്‍ നടക്കുന്നത്)


2. സല്‍ഗുണസമ്പന്നനായ മലയാളി നായകന്‍മാര്‍ എവിടെ നിന്നാണ് വരുന്നത് ?

(തമിഴ്‌നാട്ടില്‍ നിന്ന്, കര്‍ണാടകത്തില്‍ നിന്ന്, ധാരാവിയില്‍ നിന്ന്)


3. വലിയ കമ്പനിയുടെ എംഡിമാരാകുന്ന നായകന്‍മാരുടെ വിദ്യാഭ്യാസ യോഗ്യത എന്തായിരിക്കും ?

(നാലാം ക്ലാസ്, എട്ടാം ക്ലാസ്, ഫസ്റ്റ് ക്ലാസ്സോടെ പത്താം ക്ലാസ്സ്)


4. ചുമട്ടുകാരനോ ലോറി ഡ്രൈവറോ കൂലിത്തല്ലുകാരനോ ആയ നായകന്റെ വിദ്യാഭ്യാസ യോഗ്യത എന്തായിരിക്കും ?

(ഐപിഎസ് ഫൈനല്‍ ഇയര്‍ വച്ച് അച്ഛന്‍ മരിച്ചതുകൊണ്ട് അവസാനിപ്പിച്ചു, ഐഎഎസ് ഫൈനല്‍ ഇയര്‍ വച്ച് അമ്മ മരിച്ചതുകൊണ്ട് അവസാനിപ്പിച്ചു, എംബിബിഎസ് ഫൈനല്‍ ഇയര്‍ വച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ശല്യം കാരണം അവസാനിപ്പിച്ചു)


5. നായകന് പൊതുവേ ഏത് അവയവമായിരിക്കും കൂടുതലുള്ളത് ?

(എല്ല്, ചങ്ക്, ലിംഗം)


6. സിനിമയില്‍ കംപ്യൂട്ടര്‍ വൈറസ് ബാധിക്കുന്നത് എങ്ങനെയാണ് ?


(വലിയ അക്ഷരങ്ങളില്‍ വൈറസ് ഡൗണ്‍ലോഡിങ് എന്ന് എഴുതിക്കാണിച്ചുകൊണ്ട്, സ്‌ക്രീനില്‍ വൈറസിന്റെ ചിത്രം കാണിച്ചുകൊണ്ട്, കംപ്യൂട്ടറിനുള്ളില്‍ നിന്നും വൈറസിന്റെ പൊട്ടിച്ചിരി കേള്‍പ്പിച്ചുകൊണ്ട്)


7. കേരളത്തിലെവിടെയും നിലവിലില്ലാത്തതും സിനിമയില്‍ ഉള്ളതുമായ പോസ്റ്റ് ഏതാണ് ?

(കാര്യസ്ഥന്‍, അടിച്ചുതെളിക്കാരി, വാല്യക്കാരി)

8. നായിക നായകന് അഡിക്ടാവുന്നത് എപ്പോഴാണ് ?

(അപരിചിതനായ നായകന്‍ അബദ്ധത്തില്‍ നായികയുടെ നഗ്നത കാണുമ്പോള്‍, തന്റേടിയായ നായികയുടെ കരണക്കുറ്റിക്ക് നായകന്‍ പൊട്ടിക്കുമ്പോള്‍, ഗുണ്ടകളില്‍ നിന്ന് രക്ഷിക്കുമ്പോള്‍)

9. ഗ്രാമീണ സിനിമയിലെ നായകന്മാര്‍ പൊതുവേ എവിടെ നിന്നുള്ളവരാണ് ?
(ചെറുപ്ലശേരി, പാലാ, ഫോര്‍ട്ട് കൊച്ചി)

news


താരങ്ങളുടെ വീട്ടില്‍ റെയ്ഡ്: കൂളിങ് ഗ്ലാസുകളും കോഴിനഖവും പിടിച്ചു

. മെഗാസ്റ്റാര്‍ തങ്കപ്പന്റെ കുട്ടപ്പന്റെ വീട്ടിലെ അറയില്‍ 25000 കൂളിഗ് ഗ്ലാസുകള്‍
. സൂപ്പര്‍ സ്റ്റാര്‍ കുട്ടപ്പന്റെ വീട്ടിലെ അറയില്‍ നിന്ന് ഒരു നടിയുടെ വീട്ടിലേക്ക് തുരങ്കം
. കുട്ടപ്പന്റെ ശിക്കാരി പട്ടം തിരിച്ചെടുക്കണമെന്ന് കുമാര്‍ കോഴിക്കോട്
. കണ്ടെടുത്ത നിധി പ്രേക്ഷകര്‍ക്ക് വിതരണം ചെയ്യണമെന്നു മുനയന്‍
. ഫാന്‍സ് അസോസിയേഷന്‍കാര്‍ രാജപ്പന്റെ വീട് എറിഞ്ഞു തകര്‍ത്തു
. തങ്കപ്പനും കുട്ടപ്പനും ആദായനികുതി ഉദ്യോഗസ്ഥരായി പുതിയ സിനിമ
സൂപ്പര്‍സ്റ്റാര്‍ കുട്ടപ്പന്റെയും മെഗാസ്റ്റാര്‍ തങ്കപ്പന്റെയും വീടുകളില്‍ പരിശോധന നടത്തിയ ആദായനികുതി ഉദ്യോഗസ്ഥര്‍ വന്‍നിധിശേഖരം കണ്ടെടുത്തു. ലോകസിനിമയിലെ തന്നെ ഏറ്റവും വലിയ അഭിനേതാക്കളായ ഇവരുടെ വീടുകളിലെ ഒരിക്കലും തുറക്കാത്ത അറകളെ സംബന്ധിച്ചുള്ള ദുരൂഹതകള്‍ക്കൊടുവില്‍ ഇന്നലെയാണ് ആദായനികുതിവകുപ്പ് പരിശോധന ആരംഭിച്ചത്. സിനിമയിലെത്തിയതു മുതല്‍ ഇവര്‍ സമ്പാദിച്ചതെല്ലാം ഈ അറകളില്‍ ശേഖരിക്കുകയായിരുന്നെന്നും അറയിലേക്ക് നിക്ഷേപിക്കാനല്ലാതെ അറയില്‍ നിന്നു തിരിച്ചെടുക്കാനുള്ള വാതിലുകളൊന്നും ഇല്ലാത്തതിനാല്‍ ചരിത്രത്തിലാദ്യമായാണ് തങ്കപ്പന്റെയും കുട്ടപ്പന്റെയും അറകള്‍ തുറക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേ സമയം, രാജപ്പന്‍ എന്നു പേരുള്ള ഒരു ചെറുപ്പക്കാരന്റെ പരാതിയെത്തുടര്‍ന്നാണ് പരിശോധന നടത്തുന്നതെന്ന ആരോപണം ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.
തങ്കപ്പന്റെയും കുട്ടപ്പന്റെയും വീടുകളില്‍ നാല് രഹസ്യ അറകള്‍ വീതമാണ് ഉള്ളത്. ഇവയില്‍ എ,ബി. അറകള്‍ മാത്രം തുറന്നപ്പോഴാണ് വിലമതിക്കാനാവാത്ത സ്വത്ത് കണ്ടെടുത്തിട്ടുള്ളത്. ഇനിയും നാലഞ്ചു ദിവസം കൂടി പരിശോധിച്ചെങ്കില്‍ മാത്രമേ നിധി എത്രത്തോളം വരുമെന്നതിനെപ്പറ്റി ഒരു സൂചനയെങ്കിലും ലഭിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. മെഗാസ്റ്റാര്‍ തങ്കപ്പന്റെ വീട്ടിലെ എ അറ തുറന്നപ്പോള്‍ ഏതാണ്ട് 250000 കൂളിങ് ഗ്ലാസുകളാണ് കണ്ടെടുത്തത്. ലോകത്തെ വിവിധ കമ്പനികളുടെ വന്‍വിലയുള്ള കൂളിങ് ഗ്ലാസുകളാണ് ഇവ. ഇവയില്‍ പല കമ്പനികളും പതിറ്റാണ്ടുകള്‍ക്കു മുമ്പേ അടച്ചുപൂട്ടി പോയതാണെന്നതിനാല്‍ കൂളിങ് ഗ്ലാസുകളുടെ മൂല്യം നിര്‍ണയിക്കുക അസാധ്യമാണ്. എത്ര കൂളിങ് ഗ്ലാസുകളാണ് ഉള്ളത് എന്നത് എണ്ണി നോക്കുക അസാധ്യമായതിനാല്‍ തങ്കപ്പന്‍ അഭിനയിച്ച സിനിമകളുടെ എണ്ണം സീനുകളുടെ എണ്ണവുമായി ഗുണിച്ച് ആണ് ആകെ എണ്ണം കണ്ടെത്തിയത്. എന്നാല്‍, ഈ കണക്ക് ശരിയല്ലെന്നും തങ്കപ്പന്‍ ചില സിനിമകളില്‍ അന്ധനായി അഭിനയിച്ചിട്ടുണ്ടെന്നുമുള്ള ആരോപണം ചലച്ചിത്രചരിത്രകാരന്മാര്‍ നിഷേധിച്ചു. ആന്ധനായും ഡെഡ്ബോഡിയായും അഭിനയിച്ച സീനുകളിലും അദ്ദേഹം കൂളിങ് ഗ്ലാസ് ഉപയോഗിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
തങ്കപ്പന്റെ വീട്ടിലെ ബി അറയില്‍ നിന്നും കോടിക്കണക്കിനു വില വരുന്ന ക്യാമറകളും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുമാണ് കണ്ടെടുത്തത്. മൊബൈല്‍ ഫോണുകളുടെയും ക്യാമറകളുടെയും ആപ്പിള്‍ ആ ഫോണ്‍, ഐപാഡ്, ഐ പോഡ് തുടങ്ങിയ ഉപകരണങ്ങളുടെയും കുന്നുകളാണ് അറയിലുണ്ടായിരുന്നതെന്നാണ് സൂചന. ഇവയില്‍ പലതും അദ്ദേഹം തൊട്ടുനോക്കിയിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ത്യാഗസന്നദ്ധതയുടെ തെളിവാണെന്ന് വിദഗ്ധര്‍ പറഞ്ഞു. വലിയൊരു പെട്ടിയില്‍ നിന്ന് റെഡി ക്യാഷായി 25 കോടി രൂപയോളം വേറെ കണ്ടെടുത്തു. 2050 വരെ ഇദ്ദേഹം അഭിനയിക്കാമെന്നു പറഞ്ഞ് ഡേറ്റ് നല്‍കി നിര്‍മാതാക്കളുടെ കയ്യില്‍ നിന്നും വാങ്ങിയ ടോക്കണ്‍ അഡ്വാന്‍സ് വാങ്ങിയതാണ് ഈ തുക. 100 വയസുവരെ താന്‍ നായകനായി അഭിനയിക്കുന്ന സിനിമകള്‍ക്കു ഡേറ്റ് നല്‍കിയത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെയും ദീര്‍ഘദദൃഷ്ടിയുടെയും തെളിവാണെന്നു ഉദ്യോഗസ്ഥര്‍ പുകഴ്ത്തി. രണ്ടു പേരുടെയും വീടുകളില്‍ നിന്ന് ധാരാളം വെട്ടിത്തിരുത്തലുകളുള്ള സുപ്രധാനമായ ചരിത്രരേഖകള്‍ പിടിച്ചെടുത്തതായി വാര്‍ത്തയുണ്ടായിരുന്നെങ്കിലും അത് ഇരുവരും കാലങ്ങളായി സ്വന്തം പ്രായം തിരുത്തിക്കൊണ്ടിരുന്ന എസ്എസ്എല്‍സി ബുക്കാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിച്ചു.
സൂപ്പര്‍സ്റ്റാര്‍ കുട്ടപ്പന്റെ വീട്ടിലെ പ്രധാന അറ തുറന്നപ്പോള്‍ ഏകദേശം 200000 പേജുകളുള്ള വലിയൊരു റജിസ്റ്റര്‍ കണ്ടെടുത്തതായി പറയുന്നു. കുട്ടപ്പന്‍ അഭിനയിച്ച സിനിമകളുടെ പേരെഴുതിയ റജിസ്റ്റര്‍ ആണ് അതെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പകുതിയോളം എഴുതിയിട്ടുള്ള റജിസ്റ്ററില്‍ ഒന്നു മുതല്‍ 9589 വരെ നമ്പരിട്ട് എഴുതിയിരിക്കുന്നത് സ്ത്രീകളുടെ പേരുകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ചില സിനിമാ നടിമാരുടെ പേരിനോട് സാദൃശ്യമുള്ള പേരുകളും റജിസ്റ്റര്‍ ബുക്കിലുണ്ടെന്നും അതില്‍ ചില പേജുകളില്‍ ഒരേ പേരു തന്നെ ആവര്‍ത്തിച്ചിട്ടുണ്ടെന്നും പറയുന്നു. ഓരോരുത്തരുടെയും പേരിനു നേരെ ഒന്നര മിനിറ്റ്, മൂന്ന് മിനിറ്റ് എന്നിങ്ങനെ സമയവും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ റജിസ്റ്റര്‍ എന്താണെന്നതിനെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക കമ്മിഷനെ നിയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 3876 ഹെയര്‍പിന്‍, 356 സേഫ്ടി പിന്‍, 1200 പാവാടവള്ളി, 2300 ബ്ലൌസിന്റെ ഹുക്കുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. അറയില്‍ നിന്ന് പ്രമുഖ സാമൂഹികവിര്‍ശകനും പ്രാസംഗികനുമായ കുമാര്‍ കോഴിക്കോടിന്റെ നിരവധി കോലങ്ങള്‍ കണ്ടെടുത്തു. കണ്ടെടുത്തവയോളം തന്നെ കോലങ്ങള്‍ രഹസ്യമായി അതിനുള്ളില്‍ തന്നെയിട്ട് കത്തിച്ചതായും സൂചനയുണ്ട്.
കുട്ടപ്പന്റെ വീട്ടിലെ രണ്ടാമത്തെ അറയില്‍ നിന്ന് നൂറ്റാണ്ടുകളുടെ പഴക്കമുള്ള കോളാമ്പി, കിണ്ടി, മൊന്ത, ഉരുളി, കയ്യിലണിയുന്ന ചെമ്പുവളകള്‍ എന്നിവയടങ്ങുന്ന വലിയൊരു നിധിയാണ് കണ്ടെടുത്തത്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കോഴിയുടെ നഖങ്ങള്‍ പിടിച്ചെടുത്തതായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും അദ്ദേഹം കോഴിയായി അഭിനയിച്ച ഒരു സിനിമയുടെ നൂറാംദിനാഘോഷത്തില്‍ സമ്മാനിച്ച പ്ലാസ്റ്റര്‍ ഓഫ് പാരീസ് ശില്‍പമാണതെന്നു പിന്നീട് സ്ഥിരീകരിച്ചു. തങ്കപ്പന്റെയും കുട്ടപ്പന്റെയും വീടുകളില്‍ ഇനിയും തുറക്കാനുള്ള അറകളില്‍ ഒരെണ്ണം ഉരുക്കില്‍ തീര്‍ത്തും മറ്റേത് സാറ്റലൈറ്റ് നിയന്ത്രിതവുമാണ്. ഈ അറകള്‍ക്കുള്ളില്‍ എന്താണെന്നതിനെ സംബന്ധിച്ച് അഭ്യൂഹങ്ങളും കെട്ടുകഥകളും പ്രചരിക്കുകയാണ്. തങ്കപ്പന്റെ അറകളില്‍ കെഎല്‍ 7 ന്റെ വരാനിരിക്കുന്ന സീരിസുകളില്‍ തന്റെ വാഹനനമ്പര്‍ എഴുതിയ നമ്പര്‍ പ്ലേറ്റുകളും യുവതിരക്കഥാകൃത്തുക്കളുടെ കയ്യില്‍ നിന്നു വായിക്കാനായി വാങ്ങിയ തിരക്കഥകളുമാണെന്നു പ്രചാരണമുണ്ട്. ചന്ദ്രനില്‍ ഇദ്ദേഹം വാങ്ങിയതായി പറയുന്ന ഫ്ലാറ്റിലേക്ക് എളുപ്പത്തില്‍ ചെല്ലാവുന്ന ലിഫ്റ്റ് ആണ് ഒരു അറയിലെന്നും കേള്‍ക്കുന്നു. കുട്ടപ്പന്റെ വീട്ടിലെ തുറക്കാത്ത അറയില്‍ നിന്ന് ഒരു പ്രമുഖ നടിയുടെ വീട്ടിലേക്കു തുരങ്കമുള്ളതായി ശക്തമായ കഥകളുണ്ട്. ഈ നടിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരുടെ വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ വലിയൊരു പാറമടയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
വാര്‍ധ്യക്യത്തോടടുത്തുകൊണ്ടിരിക്കുന്ന തങ്കപ്പന്റെയും കുട്ടപ്പന്റെയും വീട്ടില്‍ നിന്നും കണ്ടെടുത്ത നിധി വളര്‍ന്നു വരുന്ന ന്യൂജനറേഷന്‍ താരങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് റെയ്ഡിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്നു കരുതുന്ന രാജപ്പന്‍ ആവശ്യപ്പെട്ടു. അതേസമയം, കുട്ടപ്പന്റെ വീട്ടില്‍ നിന്നും കോഴിയുടെ നഖവും മറ്റും പിടിച്ചെടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തിനു സര്‍ക്കാര്‍ നല്‍കിയ ശിക്കാരി പട്ടം തിരിച്ചെടുത്ത് മൊത്തം വെടിക്കാരുടെയും അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നു കുമാര്‍ കോഴിക്കോട് ആവശ്യപ്പെട്ടു. എന്നാല്‍, തങ്കപ്പന്റെയും കുട്ടപ്പന്റെയും വീട്ടിലെ രഹസ്യ അറകളില്‍ നിന്നു പിടിച്ചെടുത്ത നിധി അവര്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നും അതിന്റെ മേല്‍ അവകാശമുന്നയിക്കുന്നത് നികൃഷ്ടമാണെന്നും ഫാന്‍സ് അസോസിയേഷനുകള്‍ പറഞ്ഞു. ഇരുതാരങ്ങളുടെയും ഫാന്‍സ് അസോസിയേഷനുകള്‍ മാറി മാറി രാത്രി രാജപ്പന്റെ വീടിനു നേരെ കല്ലേറ് നടത്തി. ഇരുതാരങ്ങളുടെയും തല്ലിപ്പൊളി സിനിമകള്‍ കണ്ട് കാശുപോയ സാധാരണപ്രേക്ഷകര്‍ക്ക് ടിക്കറ്റിന്റെ കൌണ്ടര്‍ ഫോയ്ല്‍ ഒന്നിന് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ഈ നിധി നല്‍കണമെന്നു വിമതസംവിധായകന്‍ മുനയന്‍ ആവശ്യപ്പെട്ടു.
തങ്ങളുടെ വീട്ടില്‍ നിന്നു കണ്ടെടുത്തു എന്നു പറയുന്ന സ്വത്തുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും എല്ലാം പ്രേക്ഷകരുടേതാണെന്നും എന്നാല്‍ അത് അറകളില്‍ നിന്ന് എങ്ങോട്ടും നീക്കാന്‍ പാടില്ലെന്നും ഇരുതാരങ്ങളും പറഞ്ഞു. ആദായനികുതിവകുപ്പിന്റെ പരിശോധനയെക്കുറിച്ചു ചോദിച്ചപ്പോള്‍ അങ്ങനെ ഒരു വകുപ്പ് ഉള്ളതായി അറിവില്ലെന്നും പുതിയ സര്‍ക്കാര്‍ ഇത്തരം വകുപ്പുകള്‍ തുടങ്ങുമ്പോള്‍ സാധാരണജനങ്ങളെ അറിയിക്കാന്‍ ബാധ്യസ്ഥമാണെന്നും ഇതെപ്പറ്റി തന്റെ മന്ത്രിസുഹൃത്തിനോട് പറയുമെന്നും കുട്ടപ്പന്‍ പറഞ്ഞു. സൂപ്പര്‍താരങ്ങള്‍ക്ക് തട്ടിമുട്ടി കഴിഞ്ഞുപോകാന്‍ മാസം ഒന്നരക്കോടി രൂപയോളം വേണമെന്നത് അറിയാവുന്ന സര്‍ക്കാര്‍ സ്കോച്ച് വിസ്കിയുടെയും ഇറ്റാലിയന്‍ മാര്‍ബിളിന്റെയും വില കുറയ്ക്കാതെ റെയ്ഡുമായിറങ്ങിയത് ജനാധിപത്യവിരുദ്ധമാണെന്നും ഇതെപ്പറ്റി ബ്ലോഗിലെഴുതിക്കുമെന്നും തങ്കപ്പന്‍ ആരോപിച്ചു.
അതേ സമയം, തങ്കപ്പനും കൂട്ടപ്പനും നായകന്മാരാകുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘ഇന്‍കം ടാക്സി’ന്റെ തിരക്കഥാജോലികള്‍ തുടങ്ങിയതായി തിരക്കഥാകൃത്തുക്കളായ ഹൃദയകൃഷ്ണ-എബി കെ.തോമസ് അറിയിച്ചു. ചിത്രത്തില്‍ അതിശക്തരായ രണ്ട് ആദായനികുതി ഉദ്യോഗസ്ഥരെയാണ് ഇവര്‍ അവതരിപ്പിക്കുകയത്രേ. ആദായനികുതി ഉദ്യോഗസ്ഥര്‍ സൂപ്പര്‍താരങ്ങളെക്കാള്‍ ശക്തരാണ് എന്നു തിരിച്ചറിഞ്ഞ ഇവര്‍ തങ്ങളെ ഇന്നലെ ഉച്ചയ്ക്ക് ഇങ്ങോട്ടു വിളിച്ച് ഡേറ്റ് നല്‍കുകയായിരുന്നെന്ന് ഹൃദയകൃഷ്ണ-എബി കെ.തോമസ് അറിയിച്ചു.