ലോകസിനിമയ്ക്ക് മലയാള സിനിമ നല്‍കിയിട്ടുള്ള സേവനങ്ങള്‍ അനന്തമായി നില്‍ക്കുമ്പോഴും മലയാളികള്‍ക്ക് മലയാളസിനിമയോടുള്ള പുച്ഛം അവസാനിക്കുന്നില്ല. എന്തുമാത്രം നല്ല കഥകളും മുഹൂര്‍ത്തങ്ങളും നമ്മള്‍ കണ്ടു കഴിഞ്ഞു. കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്ത ഫൈറ്റുകളും സോങ്ങുകളും ബലാല്‍സംഗസീനുകളും വേറെ കിടക്കുന്നു. ഒരു ചലച്ചിത്രവിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം കരിമല ചവിട്ടുന്ന കന്നി അയ്യപ്പന്റെ മനസ്സോടെ സമീപിക്കാവുന്ന ഒന്നാണ് മലയാള സിനിമ. എന്നാല്‍ മലയാളസിനിമയുടെ ആഴവും പരപ്പും മനസ്സിലാക്കാന്‍ തക്കവിധത്തിലുള്ള ഒരു പാഠപുസ്തകമോ ഇന്‍സ്റ്റിറ്റിയൂട്ടോ ഇവിടെയില്ല. ഉള്ളവയൊക്കെ പഠിപ്പിക്കുന്നത് കുറസോവയും സത്യചിത്‌റേയുമൊക്കെ എന്തു ചെയ്തു എന്നാണ്.
ഈ സാഹചര്യത്തില്‍ മലയാള സിനിമയെയും കേരളസംസ്‌കാരത്തെയും അടുത്തറിയുന്നതിനും ചലച്ചിത്രവിദ്യാര്‍ഥികള്‍ക്ക് അതുവഴി കൂടുതല്‍ മികച്ച സിനിമകള്‍ നിര്‍മിക്കുന്നതിനും സഹായിക്കുന്ന ഒരു ചലച്ചിത്ര ക്വിസ് ആണ് ഇവിടെ അവതരിപ്പിക്കുന്നത്. വെറുമൊരു ക്വിസ് എന്നതിനപ്പുറം സിനിമ ചെയ്യണമെന്ന മോഹവുമായി പ്രൊഡ്യൂസറുടെ മടയില്‍ വന്നു കയറുന്ന അതിമോഹികള്‍ക്കുള്ള ഒരു എന്‍ട്രന്‍സ് പരീക്ഷയായി ഇത് ഉപയോഗിക്കാം. ഇത് പാസ്സാകുന്നവനേ ഇവിടെ സിനിമയെടുക്കാന്‍ അനുമതി നല്‍കാവൂ. 8 മുതല്‍ 10 പോയിന്റ് വരെ നേടുന്നവര്‍ക്ക് ഉടന്‍ തന്നെ ഒരു സിനിമയെടുക്കാം. 5 മുതല്‍ 8 വരെ പോയിന്റ് നേടുന്നവര്‍ കുറച്ചുകൂടി സിനിമകള്‍ കണ്ട് വിഞ്ജാനം വര്‍ധിപ്പിക്കണം. 5 പോയിന്റില്‍ താഴെ മാത്രം ലഭിക്കുന്നവര്‍ സിനിമ കണ്ടാല്‍ മതി, കൂവരുത്.
മലയാളം ഫിലിം ഇണ്ടസ്ട്രി എണ്ട്രന്‍സ് എക്‌സാമിനേഷന്‍
(എല്ലാ ചോദ്യങ്ങള്‍ക്കും 1 മാര്‍ക്ക് വീതം. ശരിയുത്തരം ബ്രാക്കറ്റില്‍ നിന്നും തിരഞ്ഞെടുക്കാം)
1. കേരളസമൂഹത്തിലെ ഏറ്റവും വലിയ സാമൂഹികപ്രശ്‌നം എന്താണ് ?
(കാവിലെ ഉല്‍സവത്തിന്റെ പേരില്‍ കുടുംബങ്ങള്‍ തമ്മിലുള്ള ശത്രുത, നല്ലവരായ കൂലിത്തല്ലുകാരെ ദുഷ്ടന്‍മാരായ പൊലീസുകാര്‍ വേട്ടയാടുന്നത്, അന്‍പതു കഴിഞ്ഞ ചെറുപ്പക്കാരുടെ പിന്നാലെ പ്രണയാഭ്യര്‍ഥനയുമായി പച്ചത്തക്കാളി പോലുള്ള പെണ്‍പിള്ളേര്‍ നടക്കുന്നത്)
2. സല്‍ഗുണസമ്പന്നനായ മലയാളി നായകന്‍മാര്‍ എവിടെ നിന്നാണ് വരുന്നത് ?
(തമിഴ്‌നാട്ടില്‍ നിന്ന്, കര്‍ണാടകത്തില്‍ നിന്ന്, ധാരാവിയില്‍ നിന്ന്)
3. വലിയ കമ്പനിയുടെ എംഡിമാരാകുന്ന നായകന്‍മാരുടെ വിദ്യാഭ്യാസ യോഗ്യത എന്തായിരിക്കും ?
(നാലാം ക്ലാസ്, എട്ടാം ക്ലാസ്, ഫസ്റ്റ് ക്ലാസ്സോടെ പത്താം ക്ലാസ്സ്)
4. ചുമട്ടുകാരനോ ലോറി ഡ്രൈവറോ കൂലിത്തല്ലുകാരനോ ആയ നായകന്റെ വിദ്യാഭ്യാസ യോഗ്യത എന്തായിരിക്കും ?
(ഐപിഎസ് ഫൈനല്‍ ഇയര്‍ വച്ച് അച്ഛന്‍ മരിച്ചതുകൊണ്ട് അവസാനിപ്പിച്ചു, ഐഎഎസ് ഫൈനല്‍ ഇയര്‍ വച്ച് അമ്മ മരിച്ചതുകൊണ്ട് അവസാനിപ്പിച്ചു, എംബിബിഎസ് ഫൈനല്‍ ഇയര്‍ വച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ശല്യം കാരണം അവസാനിപ്പിച്ചു)
5. നായകന് പൊതുവേ ഏത് അവയവമായിരിക്കും കൂടുതലുള്ളത് ?
(എല്ല്, ചങ്ക്, ലിംഗം)
6. സിനിമയില്‍ കംപ്യൂട്ടര്‍ വൈറസ് ബാധിക്കുന്നത് എങ്ങനെയാണ് ?
(വലിയ അക്ഷരങ്ങളില്‍ വൈറസ് ഡൗണ്‍ലോഡിങ് എന്ന് എഴുതിക്കാണിച്ചുകൊണ്ട്, സ്‌ക്രീനില്‍ വൈറസിന്റെ ചിത്രം കാണിച്ചുകൊണ്ട്, കംപ്യൂട്ടറിനുള്ളില്‍ നിന്നും വൈറസിന്റെ പൊട്ടിച്ചിരി കേള്‍പ്പിച്ചുകൊണ്ട്)
7. കേരളത്തിലെവിടെയും നിലവിലില്ലാത്തതും സിനിമയില്‍ ഉള്ളതുമായ പോസ്റ്റ് ഏതാണ് ?
(കാര്യസ്ഥന്‍, അടിച്ചുതെളിക്കാരി, വാല്യക്കാരി)
8. നായിക നായകന് അഡിക്ടാവുന്നത് എപ്പോഴാണ് ?
(അപരിചിതനായ നായകന്‍ അബദ്ധത്തില്‍ നായികയുടെ നഗ്നത കാണുമ്പോള്‍, തന്റേടിയായ നായികയുടെ കരണക്കുറ്റിക്ക് നായകന്‍ പൊട്ടിക്കുമ്പോള്‍, ഗുണ്ടകളില്‍ നിന്ന് രക്ഷിക്കുമ്പോള്‍)
9. ഗ്രാമീണ സിനിമയിലെ നായകന്മാര്‍ പൊതുവേ എവിടെ നിന്നുള്ളവരാണ് ?
(ചെറുപ്ലശേരി, പാലാ, ഫോര്‍ട്ട് കൊച്ചി)