Saturday, July 23, 2011

കേരളാ ട്രാഫിക് ഗൈഡ്

കേരളത്തിലെ റോഡുകളിലൂടെ വാഹനമോടിക്കാനാഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കും പുതുതായി ഡ്രൈവിങ് പഠിക്കുന്നവര്‍ക്കും ഉള്ളതാണ് ഈ ട്രാഫിക് ഗൈഡ്.ഇത് ശ്രദ്ധിച്ച് നിങ്ങളുടെ റോഡ് ജീവിതം ആരംഭിച്ചാല്‍ നിരാശപ്പെടേണ്ടി വരില്ല




1. ഇടത് വശം ചേര്‍ന്ന് വാഹനമോടിക്കണം എന്നാണ് ചട്ടം എങ്കിലും അത് നിങ്ങളൊഴികെ മറ്റുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ള നിയമമാണെന്ന് ഉറച്ചുവിശ്വസിക്കുക. ആവശ്യമനുസരിച്ച് ഏതുവശത്തുകൂടെയും വണ്ടിയോടിക്കാം.കഴിവതും നടുക്കുകൂടി മാത്രം ഓടിക്കുക.
 
2. റോഡില്‍ നിങ്ങളുടെ വേഗതയാണ് യഥാര്‍ത്ഥ വേഗതയെന്നും മറ്റുള്ളവര്‍ അതനുസരിച്ച് അമിതവേഗത്തിലോ അമിതവേഗക്കുറവിലോ ആയിരിക്കുമെന്ന് മനസിലാക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ മെല്ലെപ്പോകുന്ന വാഹനങ്ങളെ എല്ലാം ഓവര്‍ടേക്ക് ചെയ്യുകയോ നിങ്ങളെ ഓവര്‍ടേക്ക് ചെയ്‍തു പോകുന്ന വാഹനങ്ങളെ “നിന്റെ ഒടുക്കത്തെ പോക്കാടാ”, “ആരെടെ ....... കെട്ടിക്കാന്‍ പോവാടാ” തുടങ്ങിയ അടയാളവാക്യങ്ങള്‍ കൊണ്ട് അനുഗ്രഹിക്കുകയോ ചെയ്യാം.


3. ഓവര്‍ടേക്കിങ് എവിടെവച്ചും ആകാം. നിങ്ങള്‍ ഓവര്‍ടേക്ക് ചെയ്യാന്‍ തീരുമാനിക്കുന്ന നിമിഷം മുമ്പിലുള്ള വാഹനം ഇടത് ചേര്‍ത്ത് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി നിങ്ങളെ വണങ്ങി നില്‍ക്കുയാണ് വേണ്ടതെങ്കിലും തല്‍ക്കാലം വാഹനത്തിനുള്ളില്‍ തന്നെയിരുന്ന് വിവിധതരം സിഗ്‍നലുകളാല്‍ നിങ്ങളെ അഭിവാദ്യം ചെയ്യേണ്ടതാകുന്നു. അങ്ങനെ ചെയ്യാതിരിക്കുകയോ നിങ്ങളെ കടത്തിവിടാന്‍ വൈമുഖ്യം കാണിക്കുകയോ ചെയ്യുന്ന പക്ഷം ബലമായി വേഗം കൂട്ടി മറ്റേവാഹനത്തിന്റെ ഒപ്പം നിന്ന് ഡ്രൈവറെ നോക്കി കൈകൊണ്ട് “എന്നാ ഒണ്ടാക്കുവാടാ കോപ്പേ” എന്ന അര്‍ത്ഥം വരുന്ന ആംഗ്യം കാണിക്കുകയും പുച്ഛവും രോഷവും അടങ്ങിയ നോട്ടത്തോടെ മുന്നില്‍ കയറിക്കഴിഞ്ഞാല്‍ വണ്ടി ഇടത്തേക്ക് ചേര്‍ത്ത് അവനെ ഒതുക്കി പറ്റുമെങ്കില്‍ ഓടയില്‍ ചാടിക്കേണ്ടതാകുന്നു.


4. നിങ്ങളുടെ എതിര്‍വശത്ത് നിന്ന് ഓവര്‍ടേക്ക് ചെയ്‍ത് കയറിവരുന്ന വാഹനങ്ങളോടും സമാനമായ സമീപനമായിരിക്കണം. എത്ര ദൂരെ നിന്നായാലും ശരി ഒരു വാഹനം ഓവര്‍ടേക്ക് ചെയ്യുന്നത് കണ്ടാല്‍ വിടരുത് . ഹെഡ്‍ലൈറ്റ് അങ്ങ് ഇട്ടേക്കണം. അവന്‍ വിരണ്ട് പിന്മാറട്ടെ. റോഡ് ലോകത്തിന്റെ അവസാനം വരെ നിങ്ങളുടെ വാഹനത്തിന് തടസ്സമില്ലാതെ പോകാന്‍ പാകത്തില്‍ കിടക്കേണ്ടതാകുന്നു. ഈ ലക്ഷ്യത്തിനു വേണ്ടി ഹോണ്‍ ഉപയോഗിക്കാം. ഞെക്കി പിടിക്കുക. പെണ്‍കുട്ടികള്‍ നടന്നു പോകുന്നത് കാണുമ്പോള്‍ വളരെ ചെറിയ ഹോണ്‍ മുഴക്കാവുന്നതാണ് എടീ എന്നു വിളിക്കുന്നത് പോലെ കീ എന്നൊരു സാധനം. 98 ശതമാനം പെണ്ണുങ്ങളും നോക്കിയിരിക്കും. കീകീകീകീകീ… എന്നു നീട്ടിയടിക്കുകയോ വളഞ്ഞുപുളഞ്ഞ ഈണമുള്ള എയര്‍ഹോണ്‍ മുഴക്കുകയോ ചെയ്യരുത്. നിങ്ങള്‍ ഭൂലോകവായില്‍നോക്കിയാണെന്ന് അവള്‍ തിരിച്ചറിഞ്ഞുകളയും.



5. പാര്‍ക്കിങ് ആണ് മറ്റൊരു പ്രധാനസംഗതി. കഴിയുന്നതും നോ പാര്‍ക്കിങ് ബോര്‍ഡുകളുടെ ചുവട്ടില്‍ തന്നെ ഇടുക. കാരണം ബോര്‍ഡിന്റെ ചുവട്ടില്‍ പിന്നെ ഒരു പൊലീസുകാരന്‍ കൂടി നില്‍ക്കില്ല. പാര്‍ക്കിങ് പരിധിക്കു പുറത്തോ മറ്റോ മാത്രമേ പാവങ്ങള്‍ നില്‍ക്കൂ. ഇവിടം നോ പാര്‍ക്കിങ് സ്ഥലമാണ് എന്നൊക്കെ പറഞ്ഞ് പാവപ്പെട്ട കോടീശ്വരന്മാരുടെ കയ്യില്‍ നിന്ന് പണം വാങ്ങാന്‍ പറ്റൂ. അഥവാ വല്ല പൊലീസുകാരനും ബോര്‍ഡ് ചൂണ്ടിക്കാണിച്ചു കൊണ്ട് വന്നാല്‍ അയ്യോ സര്‍ നോ കണ്ടില്ല കേട്ടോ, അത് തെളിഞ്ഞിട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞ് ഊരാം.



6. സീബ്രവരകളാണ് മറ്റൊരു സംഗതി.പ്രധാന ജംക്ഷനുകളിലും മറ്റും റോഡിന്റെ ഭംഗികൂട്ടാന്‍ വേണ്ടിയാണ് ഇത് വരയ്‍ക്കുന്നത്. ചിലര്‍ ഇതു വഴി റോഡ് മുറിച്ചുകടക്കാറുമുണ്ട്. രോഗികള്‍ വൃദ്ധര്‍ വികലാംഗര്‍ സ്‍ത്രീകള്‍ കുട്ടികള്‍ തുടങ്ങിയവര്‍ ഇതുവഴി റോഡ് മുറിച്ചുകടക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല. എന്നാല്‍ വീരശൂരപരാക്രമികളായ നിങ്ങള്‍ വെറുമൊരു റോഡ് മുറിച്ചുകടക്കാന്‍ സീബ്രവരയില്‍ കാത്തുനില്‍ക്കുക എന്നത് വളരെ ല‍ജ്ജാകരമാണ്. വാഹനങ്ങള്‍ ചീറിപ്പായുന്ന സമയത്ത് വരയില്ലാത്ത ഭാഗത്തുകൂടി കൂളായിട്ട് മുറിച്ചുകടക്കുകയാണ് വേണ്ടത്.


7. റോഡിലെ സ്‍ത്രീകളാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. ഹോണ്‍ അടിക്കുന്നതിനെക്കുറിച്ച് മുകളില്‍ പറഞ്ഞുകഴിഞ്ഞു. റോഡില്‍ കാല്‍നടക്കാരായും മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരായും ഒക്കെ ധാരാളം സ്‍ത്രീകളുണ്ടാവും ഇവരുമായുള്ള ബന്ധം എങ്ങനെയായിരിക്കുന്നു എന്നത് പ്രധാനമാണ്. നിങ്ങളുടെ വാഹനത്തിന്റെ മുന്നില്‍ ഒരു ബൈക്കിന്റെ പിന്നില്‍ ഒരു സ്‍ത്രീ ഇരിപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും ആ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യേണ്ട കാര്യമില്ല. ബസ്‍ സ്‍റ്റോപ്പുകളില്‍ കാത്തുനില്‍ക്കുന്നവരെയും ശ്രദ്ധിക്കുക. ബസിനെ മാത്രം കാത്തുനില്‍ക്കുന്നവരുണ്ട്. അവരെ വിട്ടേക്കുക. അവര്‍ ബസിനേ കയറൂ. ബസുകിട്ടാതെയും മറ്റും ഏതെങ്കിലും ഒറു ലിഫ്‍ട് കിട്ടാന്‍ പ്രാര്‍ത്ഥിച്ച് രോഡിലൂടെ പോകുന്ന ഓരോ വാഹനത്തിന്റെയും ഡ്രൈവറെ നോക്കി നോക്കി നില്‍ക്കുന്നവരുമുണ്ടാവും. വണ്ടി ചവുട്ടി നിര്‍ത്തുക. അവര്‍ അടുത്തെത്തുമ്പോള്‍ പരിചയപ്പെടുത്താനൊന്നും നില്‍ക്കാതെ പോവേണ്ട സ്ഥലം ചോദിക്കുക, കയറാന്‍ പറയുക.ബാക്കി കാര്യങ്ങള്‍ മുറ പോലെ നടന്നോളും.

8. ബസുകള്‍ കേരളത്തിലെ റോഡുകളിലെ ഒഴിച്ചുകാടാനാവാത്ത സംഗതികളാണല്ലോ. അതുപോലെ തന്നെ നാഷനല്‍ പെര്‍മിറ്റ് ലോറികളും. രണ്ട് കൂട്ടരോടും അല്‍പം ബഹുമാനമൊക്കെയാവാം. കാരണം, അവന്മാര്‍ തട്ടിയിട്ടേച്ചുപോയാല്‍ ഹൈവേ പൊലീസ് പോലും തിരിഞ്ഞു നോക്കില്ല. നാഷനല്‍ പെര്‍മിറ്റ് ലോറികളില്‍ നിന്ന് മിനിമം 10 കിലോമീറ്ററെങ്കിലും അകലം പാലിക്കുക. അതില്‍ നിന്ന് ആര് ,എപ്പോള്‍ ,എങ്ങനെ ചാടിവരും എന്നത് പറയാനൊക്കാത്തതിനാലാണീ മുന്‍കരുതല്‍. ബസുകളോടും അങ്ങനെ തന്നെയായിരിക്കണം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്‍റ്റുകളോട് നമുക്ക് ചെയ്യാന്‍ കഴിയുന്നതിത്രമാത്രം. ബസ് പിന്നിലാണെങ്കില്‍ നിങ്ങളുടെ വാഹനം റോഡിന്റെ നടുവിലൂടെ തന്നെ ഓടിക്കുക. ഒന്നു കയറിപ്പോകാന്‍ വേണ്ടി വെപ്രാളപ്പെട്ട് സര്‍ക്കാര്‍ ഡ്രൈവന്‍ ബസ് റോഡിന്റെ ഇടത്തും വലത്തും ഓടിച്ചാലും ശരി നിങ്ങള്‍ അണുവിടപോലും മാറ്റിക്കൊടുക്കരുത്. സംസ്ഥാനസര്‍ക്കാര്‍ നിങ്ങളുടെ കാരുണ്യം തേടി ഓച്ഛാനിച്ചുനില്‍ക്കുന്നതിന് സമാനമായ ചില തോന്നുലുകള്‍ ഉണ്ടാവുന്നത് ആസ്വദിക്കുക. എന്നാല്‍ ഏറെ നേരം നമുക്കിങ്ങനെ നില്‍ക്കാന്‍ കഴിയില്ല. അതിന് എതിര്‍വശത്ത് നിന്ന് ഒന്നിലേറെ വാഹനങ്ങള്‍ വരുന്നുണ്ട് എന്നു ബോധ്യമായാല്‍ പഞ്ചപാവത്തെപ്പോലെ നിങ്ങള്‍ വണ്ടി സൈഡിലേക്കൊതുക്കി വേഗത ഒന്നുകൂടി കുറച്ച് കയറിപ്പൊയ്‍ക്കൊള്ളാന്‍ ആംഗ്യം കാണിക്കുക. എങ്ങനെ കയറിപ്പോകാന്‍ ? എന്നാല്‍ എതിര്‍വശത്തു നിന്നുള്ള വാഹനങ്ങള്‍ പോയിക്കഴിയുമ്പോള്‍ അവന്‍ ആവേശപൂര്‍വം ഇരപ്പിച്ചുവരും ഈ സമയം നിങ്ങളും വേഗം കൂട്ടി റേഡിനു നടുവിലേക്കു കയറി വഴി മുടക്കുക. തിരക്കില്ലാത്ത യാത്രകളില്‍ ബോറടി മാറ്റാന്‍ പറ്റുന്ന രസകരമായ ഗെയിമാണിത്.

9. മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ചും സര്‍ക്കാര്‍ ചില നിയമങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സത്യത്തില്‍ വാഹനമോടിക്കുമ്പോഴാണ് നമ്മള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കേണ്ടത്. ഫോണ്‍ തോളില്‍ വച്ച് സംസാരിക്കുന്നതിനെക്കാള്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. ബ്ലൂടൂത്ത് ഹെ‍ഡ്‍സെറ്റ് ആണെങ്കില്‍ വളരെ സൌകര്യമായി. അത്യാവശ്യം സംസാരിക്കുന്ന പെണ്‍കുട്ടികളെയൊക്കെ വിളിക്കാന്‍ പറ്റിയ സമയമാണ് ഡ്രൈവിങ്.

10. ഹൈവേ പൊലീസ്, വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്, ലോക്കല്‍ പൊലീസ് തുടങ്ങിയ ശല്യങ്ങളെയാണ് അടുത്തതായി കൈകാര്യം ചെയ്യേണ്ടത്. കൈനീട്ടുമ്പോഴേ പരുങ്ങരുത്. വിലകൂടിയ വാച്ച് മോതിരം തുടങ്ങിയ സംഗതികളോടുകൂടിയ ഒരു കൈ സ്വന്തമായുണ്ടാവണം. ലെവന്മാര്‍ കൈ നീട്ടുമ്പോള്‍ നിങ്ങള്‍ പുറത്തേക്കിടുന്നത് ഈ സംഗതിയാണല്ലോ. അത് കാണുമ്പോളെ ഇവന്‍ ചില്ലറക്കാരനല്ല്ലല്ലോ എന്നവര്‍ക്കു തോന്നണം. അടുത്ത പടി ഡയലോഗ് കാച്ചാം- പ്ലീസ്, നമുക്ക് പിന്നെ കാണാം.. ഒരു കോണ്‍ഫറന്‍സിന് പോകുന്നവഴിയാ.. മിനിസ്‍റ്റര്‍ ചേംബറില്‍ വെയിറ്റ് ചെയ്യുന്നു..നമുക്ക് പിന്നെ കാണാം..! അല്ലെങ്കില്‍ -ഞാന്‍ കലക്ടറുടെ കൂടെ രണ്ട് ദിവസമായി ഉറക്കം പോലുമില്ലാതെ ഒരു പ്രൊജക്ടിന്റെ പിന്നാലെയായിരുന്നു. അയാം ടയേര്‍ഡ്.. പ്ലീസ് നമുക്ക് പിന്നെ കാണാം ! – തുടങ്ങിയ ഡയലോഗുകളാണ് ഫലപ്രദം.

ഇതിന്റെ പ്രായോഗിക വശമെന്ന നിലയില്‍ വണ്ടിയുടെ മുന്‍വശത്തും പിന്നിലും വിവിധ തരം സ്‍റ്റിക്കറുകള്‍ ഒട്ടിക്കാവുന്നതാണ്. വക്കീല്‍, ഡോക്ടര്‍, പ്രസ്,ലയണ്‍,ജേസി തുടങ്ങിയ സ്‍റ്റിക്കറുകളാണ് വേണ്ടത്. എല്ലാം കൂടി ഒട്ടിക്കണമെന്നില്ല. ഓരോന്നോരോന്നായി മതി. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.മുന്‍പില്‍ വക്കീലിന്റെ ചിഹ്നം ഒട്ടിച്ചാല്‍ കഴിയുമെങ്കില്‍ പിന്നിലും അത് തന്നെ ഒട്ടിക്കുക. ഇനിയിപ്പോള്‍ മാറിപ്പോയിട്ട് ആരെങ്കിലും ചോദിച്ചാലും നിങ്ങള്‍ വക്കീലും ഭാര്യ ഡോക്‍ടറുമാണെന്ന് പറഞ്ഞേക്കുക. അത്ര തന്നെ.


മലയാളം ഫിലിം ഇണ്ടസ്ട്രി എണ്ട്രന്‍സ് എക്‌സാമിനേഷന്‍

 

 

ലോകസിനിമയ്ക്ക് മലയാള സിനിമ നല്‍കിയിട്ടുള്ള സേവനങ്ങള്‍ അനന്തമായി നില്‍ക്കുമ്പോഴും മലയാളികള്‍ക്ക് മലയാളസിനിമയോടുള്ള പുച്ഛം അവസാനിക്കുന്നില്ല. എന്തുമാത്രം നല്ല കഥകളും മുഹൂര്‍ത്തങ്ങളും നമ്മള്‍ കണ്ടു കഴിഞ്ഞു. കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്ത ഫൈറ്റുകളും സോങ്ങുകളും ബലാല്‍സംഗസീനുകളും വേറെ കിടക്കുന്നു. ഒരു ചലച്ചിത്രവിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം കരിമല ചവിട്ടുന്ന കന്നി അയ്യപ്പന്റെ മനസ്സോടെ സമീപിക്കാവുന്ന ഒന്നാണ് മലയാള സിനിമ. എന്നാല്‍ മലയാളസിനിമയുടെ ആഴവും പരപ്പും മനസ്സിലാക്കാന്‍ തക്കവിധത്തിലുള്ള ഒരു പാഠപുസ്തകമോ ഇന്‍സ്റ്റിറ്റിയൂട്ടോ ഇവിടെയില്ല. ഉള്ളവയൊക്കെ പഠിപ്പിക്കുന്നത് കുറസോവയും സത്യചിത്‌റേയുമൊക്കെ എന്തു ചെയ്തു എന്നാണ്.
ഈ സാഹചര്യത്തില്‍ മലയാള സിനിമയെയും കേരളസംസ്‌കാരത്തെയും അടുത്തറിയുന്നതിനും ചലച്ചിത്രവിദ്യാര്‍ഥികള്‍ക്ക് അതുവഴി കൂടുതല്‍ മികച്ച സിനിമകള്‍ നിര്‍മിക്കുന്നതിനും സഹായിക്കുന്ന ഒരു ചലച്ചിത്ര ക്വിസ് ആണ് ഇവിടെ അവതരിപ്പിക്കുന്നത്. വെറുമൊരു ക്വിസ് എന്നതിനപ്പുറം സിനിമ ചെയ്യണമെന്ന മോഹവുമായി പ്രൊഡ്യൂസറുടെ മടയില്‍ വന്നു കയറുന്ന അതിമോഹികള്‍ക്കുള്ള ഒരു എന്‍ട്രന്‍സ് പരീക്ഷയായി ഇത് ഉപയോഗിക്കാം. ഇത് പാസ്സാകുന്നവനേ ഇവിടെ സിനിമയെടുക്കാന്‍ അനുമതി നല്‍കാവൂ. 8 മുതല്‍ 10 പോയിന്റ് വരെ നേടുന്നവര്‍ക്ക് ഉടന്‍ തന്നെ ഒരു സിനിമയെടുക്കാം. 5 മുതല്‍ 8 വരെ പോയിന്റ് നേടുന്നവര്‍ കുറച്ചുകൂടി സിനിമകള്‍ കണ്ട് വിഞ്ജാനം വര്‍ധിപ്പിക്കണം. 5 പോയിന്റില്‍ താഴെ മാത്രം ലഭിക്കുന്നവര്‍ സിനിമ കണ്ടാല്‍ മതി, കൂവരുത്.

മലയാളം ഫിലിം ഇണ്ടസ്ട്രി എണ്ട്രന്‍സ് എക്‌സാമിനേഷന്‍

(എല്ലാ ചോദ്യങ്ങള്‍ക്കും 1 മാര്‍ക്ക് വീതം. ശരിയുത്തരം ബ്രാക്കറ്റില്‍ നിന്നും തിരഞ്ഞെടുക്കാം)


1. കേരളസമൂഹത്തിലെ ഏറ്റവും വലിയ സാമൂഹികപ്രശ്‌നം എന്താണ് ?


(കാവിലെ ഉല്‍സവത്തിന്റെ പേരില്‍ കുടുംബങ്ങള്‍ തമ്മിലുള്ള ശത്രുത, നല്ലവരായ കൂലിത്തല്ലുകാരെ ദുഷ്ടന്‍മാരായ പൊലീസുകാര്‍ വേട്ടയാടുന്നത്, അന്‍പതു കഴിഞ്ഞ ചെറുപ്പക്കാരുടെ പിന്നാലെ പ്രണയാഭ്യര്‍ഥനയുമായി പച്ചത്തക്കാളി പോലുള്ള പെണ്‍പിള്ളേര്‍ നടക്കുന്നത്)


2. സല്‍ഗുണസമ്പന്നനായ മലയാളി നായകന്‍മാര്‍ എവിടെ നിന്നാണ് വരുന്നത് ?

(തമിഴ്‌നാട്ടില്‍ നിന്ന്, കര്‍ണാടകത്തില്‍ നിന്ന്, ധാരാവിയില്‍ നിന്ന്)


3. വലിയ കമ്പനിയുടെ എംഡിമാരാകുന്ന നായകന്‍മാരുടെ വിദ്യാഭ്യാസ യോഗ്യത എന്തായിരിക്കും ?

(നാലാം ക്ലാസ്, എട്ടാം ക്ലാസ്, ഫസ്റ്റ് ക്ലാസ്സോടെ പത്താം ക്ലാസ്സ്)


4. ചുമട്ടുകാരനോ ലോറി ഡ്രൈവറോ കൂലിത്തല്ലുകാരനോ ആയ നായകന്റെ വിദ്യാഭ്യാസ യോഗ്യത എന്തായിരിക്കും ?

(ഐപിഎസ് ഫൈനല്‍ ഇയര്‍ വച്ച് അച്ഛന്‍ മരിച്ചതുകൊണ്ട് അവസാനിപ്പിച്ചു, ഐഎഎസ് ഫൈനല്‍ ഇയര്‍ വച്ച് അമ്മ മരിച്ചതുകൊണ്ട് അവസാനിപ്പിച്ചു, എംബിബിഎസ് ഫൈനല്‍ ഇയര്‍ വച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ശല്യം കാരണം അവസാനിപ്പിച്ചു)


5. നായകന് പൊതുവേ ഏത് അവയവമായിരിക്കും കൂടുതലുള്ളത് ?

(എല്ല്, ചങ്ക്, ലിംഗം)


6. സിനിമയില്‍ കംപ്യൂട്ടര്‍ വൈറസ് ബാധിക്കുന്നത് എങ്ങനെയാണ് ?


(വലിയ അക്ഷരങ്ങളില്‍ വൈറസ് ഡൗണ്‍ലോഡിങ് എന്ന് എഴുതിക്കാണിച്ചുകൊണ്ട്, സ്‌ക്രീനില്‍ വൈറസിന്റെ ചിത്രം കാണിച്ചുകൊണ്ട്, കംപ്യൂട്ടറിനുള്ളില്‍ നിന്നും വൈറസിന്റെ പൊട്ടിച്ചിരി കേള്‍പ്പിച്ചുകൊണ്ട്)


7. കേരളത്തിലെവിടെയും നിലവിലില്ലാത്തതും സിനിമയില്‍ ഉള്ളതുമായ പോസ്റ്റ് ഏതാണ് ?

(കാര്യസ്ഥന്‍, അടിച്ചുതെളിക്കാരി, വാല്യക്കാരി)

8. നായിക നായകന് അഡിക്ടാവുന്നത് എപ്പോഴാണ് ?

(അപരിചിതനായ നായകന്‍ അബദ്ധത്തില്‍ നായികയുടെ നഗ്നത കാണുമ്പോള്‍, തന്റേടിയായ നായികയുടെ കരണക്കുറ്റിക്ക് നായകന്‍ പൊട്ടിക്കുമ്പോള്‍, ഗുണ്ടകളില്‍ നിന്ന് രക്ഷിക്കുമ്പോള്‍)

9. ഗ്രാമീണ സിനിമയിലെ നായകന്മാര്‍ പൊതുവേ എവിടെ നിന്നുള്ളവരാണ് ?
(ചെറുപ്ലശേരി, പാലാ, ഫോര്‍ട്ട് കൊച്ചി)

news


താരങ്ങളുടെ വീട്ടില്‍ റെയ്ഡ്: കൂളിങ് ഗ്ലാസുകളും കോഴിനഖവും പിടിച്ചു

. മെഗാസ്റ്റാര്‍ തങ്കപ്പന്റെ കുട്ടപ്പന്റെ വീട്ടിലെ അറയില്‍ 25000 കൂളിഗ് ഗ്ലാസുകള്‍
. സൂപ്പര്‍ സ്റ്റാര്‍ കുട്ടപ്പന്റെ വീട്ടിലെ അറയില്‍ നിന്ന് ഒരു നടിയുടെ വീട്ടിലേക്ക് തുരങ്കം
. കുട്ടപ്പന്റെ ശിക്കാരി പട്ടം തിരിച്ചെടുക്കണമെന്ന് കുമാര്‍ കോഴിക്കോട്
. കണ്ടെടുത്ത നിധി പ്രേക്ഷകര്‍ക്ക് വിതരണം ചെയ്യണമെന്നു മുനയന്‍
. ഫാന്‍സ് അസോസിയേഷന്‍കാര്‍ രാജപ്പന്റെ വീട് എറിഞ്ഞു തകര്‍ത്തു
. തങ്കപ്പനും കുട്ടപ്പനും ആദായനികുതി ഉദ്യോഗസ്ഥരായി പുതിയ സിനിമ
സൂപ്പര്‍സ്റ്റാര്‍ കുട്ടപ്പന്റെയും മെഗാസ്റ്റാര്‍ തങ്കപ്പന്റെയും വീടുകളില്‍ പരിശോധന നടത്തിയ ആദായനികുതി ഉദ്യോഗസ്ഥര്‍ വന്‍നിധിശേഖരം കണ്ടെടുത്തു. ലോകസിനിമയിലെ തന്നെ ഏറ്റവും വലിയ അഭിനേതാക്കളായ ഇവരുടെ വീടുകളിലെ ഒരിക്കലും തുറക്കാത്ത അറകളെ സംബന്ധിച്ചുള്ള ദുരൂഹതകള്‍ക്കൊടുവില്‍ ഇന്നലെയാണ് ആദായനികുതിവകുപ്പ് പരിശോധന ആരംഭിച്ചത്. സിനിമയിലെത്തിയതു മുതല്‍ ഇവര്‍ സമ്പാദിച്ചതെല്ലാം ഈ അറകളില്‍ ശേഖരിക്കുകയായിരുന്നെന്നും അറയിലേക്ക് നിക്ഷേപിക്കാനല്ലാതെ അറയില്‍ നിന്നു തിരിച്ചെടുക്കാനുള്ള വാതിലുകളൊന്നും ഇല്ലാത്തതിനാല്‍ ചരിത്രത്തിലാദ്യമായാണ് തങ്കപ്പന്റെയും കുട്ടപ്പന്റെയും അറകള്‍ തുറക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേ സമയം, രാജപ്പന്‍ എന്നു പേരുള്ള ഒരു ചെറുപ്പക്കാരന്റെ പരാതിയെത്തുടര്‍ന്നാണ് പരിശോധന നടത്തുന്നതെന്ന ആരോപണം ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.
തങ്കപ്പന്റെയും കുട്ടപ്പന്റെയും വീടുകളില്‍ നാല് രഹസ്യ അറകള്‍ വീതമാണ് ഉള്ളത്. ഇവയില്‍ എ,ബി. അറകള്‍ മാത്രം തുറന്നപ്പോഴാണ് വിലമതിക്കാനാവാത്ത സ്വത്ത് കണ്ടെടുത്തിട്ടുള്ളത്. ഇനിയും നാലഞ്ചു ദിവസം കൂടി പരിശോധിച്ചെങ്കില്‍ മാത്രമേ നിധി എത്രത്തോളം വരുമെന്നതിനെപ്പറ്റി ഒരു സൂചനയെങ്കിലും ലഭിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. മെഗാസ്റ്റാര്‍ തങ്കപ്പന്റെ വീട്ടിലെ എ അറ തുറന്നപ്പോള്‍ ഏതാണ്ട് 250000 കൂളിങ് ഗ്ലാസുകളാണ് കണ്ടെടുത്തത്. ലോകത്തെ വിവിധ കമ്പനികളുടെ വന്‍വിലയുള്ള കൂളിങ് ഗ്ലാസുകളാണ് ഇവ. ഇവയില്‍ പല കമ്പനികളും പതിറ്റാണ്ടുകള്‍ക്കു മുമ്പേ അടച്ചുപൂട്ടി പോയതാണെന്നതിനാല്‍ കൂളിങ് ഗ്ലാസുകളുടെ മൂല്യം നിര്‍ണയിക്കുക അസാധ്യമാണ്. എത്ര കൂളിങ് ഗ്ലാസുകളാണ് ഉള്ളത് എന്നത് എണ്ണി നോക്കുക അസാധ്യമായതിനാല്‍ തങ്കപ്പന്‍ അഭിനയിച്ച സിനിമകളുടെ എണ്ണം സീനുകളുടെ എണ്ണവുമായി ഗുണിച്ച് ആണ് ആകെ എണ്ണം കണ്ടെത്തിയത്. എന്നാല്‍, ഈ കണക്ക് ശരിയല്ലെന്നും തങ്കപ്പന്‍ ചില സിനിമകളില്‍ അന്ധനായി അഭിനയിച്ചിട്ടുണ്ടെന്നുമുള്ള ആരോപണം ചലച്ചിത്രചരിത്രകാരന്മാര്‍ നിഷേധിച്ചു. ആന്ധനായും ഡെഡ്ബോഡിയായും അഭിനയിച്ച സീനുകളിലും അദ്ദേഹം കൂളിങ് ഗ്ലാസ് ഉപയോഗിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
തങ്കപ്പന്റെ വീട്ടിലെ ബി അറയില്‍ നിന്നും കോടിക്കണക്കിനു വില വരുന്ന ക്യാമറകളും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുമാണ് കണ്ടെടുത്തത്. മൊബൈല്‍ ഫോണുകളുടെയും ക്യാമറകളുടെയും ആപ്പിള്‍ ആ ഫോണ്‍, ഐപാഡ്, ഐ പോഡ് തുടങ്ങിയ ഉപകരണങ്ങളുടെയും കുന്നുകളാണ് അറയിലുണ്ടായിരുന്നതെന്നാണ് സൂചന. ഇവയില്‍ പലതും അദ്ദേഹം തൊട്ടുനോക്കിയിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ത്യാഗസന്നദ്ധതയുടെ തെളിവാണെന്ന് വിദഗ്ധര്‍ പറഞ്ഞു. വലിയൊരു പെട്ടിയില്‍ നിന്ന് റെഡി ക്യാഷായി 25 കോടി രൂപയോളം വേറെ കണ്ടെടുത്തു. 2050 വരെ ഇദ്ദേഹം അഭിനയിക്കാമെന്നു പറഞ്ഞ് ഡേറ്റ് നല്‍കി നിര്‍മാതാക്കളുടെ കയ്യില്‍ നിന്നും വാങ്ങിയ ടോക്കണ്‍ അഡ്വാന്‍സ് വാങ്ങിയതാണ് ഈ തുക. 100 വയസുവരെ താന്‍ നായകനായി അഭിനയിക്കുന്ന സിനിമകള്‍ക്കു ഡേറ്റ് നല്‍കിയത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെയും ദീര്‍ഘദദൃഷ്ടിയുടെയും തെളിവാണെന്നു ഉദ്യോഗസ്ഥര്‍ പുകഴ്ത്തി. രണ്ടു പേരുടെയും വീടുകളില്‍ നിന്ന് ധാരാളം വെട്ടിത്തിരുത്തലുകളുള്ള സുപ്രധാനമായ ചരിത്രരേഖകള്‍ പിടിച്ചെടുത്തതായി വാര്‍ത്തയുണ്ടായിരുന്നെങ്കിലും അത് ഇരുവരും കാലങ്ങളായി സ്വന്തം പ്രായം തിരുത്തിക്കൊണ്ടിരുന്ന എസ്എസ്എല്‍സി ബുക്കാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിച്ചു.
സൂപ്പര്‍സ്റ്റാര്‍ കുട്ടപ്പന്റെ വീട്ടിലെ പ്രധാന അറ തുറന്നപ്പോള്‍ ഏകദേശം 200000 പേജുകളുള്ള വലിയൊരു റജിസ്റ്റര്‍ കണ്ടെടുത്തതായി പറയുന്നു. കുട്ടപ്പന്‍ അഭിനയിച്ച സിനിമകളുടെ പേരെഴുതിയ റജിസ്റ്റര്‍ ആണ് അതെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പകുതിയോളം എഴുതിയിട്ടുള്ള റജിസ്റ്ററില്‍ ഒന്നു മുതല്‍ 9589 വരെ നമ്പരിട്ട് എഴുതിയിരിക്കുന്നത് സ്ത്രീകളുടെ പേരുകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ചില സിനിമാ നടിമാരുടെ പേരിനോട് സാദൃശ്യമുള്ള പേരുകളും റജിസ്റ്റര്‍ ബുക്കിലുണ്ടെന്നും അതില്‍ ചില പേജുകളില്‍ ഒരേ പേരു തന്നെ ആവര്‍ത്തിച്ചിട്ടുണ്ടെന്നും പറയുന്നു. ഓരോരുത്തരുടെയും പേരിനു നേരെ ഒന്നര മിനിറ്റ്, മൂന്ന് മിനിറ്റ് എന്നിങ്ങനെ സമയവും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ റജിസ്റ്റര്‍ എന്താണെന്നതിനെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക കമ്മിഷനെ നിയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 3876 ഹെയര്‍പിന്‍, 356 സേഫ്ടി പിന്‍, 1200 പാവാടവള്ളി, 2300 ബ്ലൌസിന്റെ ഹുക്കുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. അറയില്‍ നിന്ന് പ്രമുഖ സാമൂഹികവിര്‍ശകനും പ്രാസംഗികനുമായ കുമാര്‍ കോഴിക്കോടിന്റെ നിരവധി കോലങ്ങള്‍ കണ്ടെടുത്തു. കണ്ടെടുത്തവയോളം തന്നെ കോലങ്ങള്‍ രഹസ്യമായി അതിനുള്ളില്‍ തന്നെയിട്ട് കത്തിച്ചതായും സൂചനയുണ്ട്.
കുട്ടപ്പന്റെ വീട്ടിലെ രണ്ടാമത്തെ അറയില്‍ നിന്ന് നൂറ്റാണ്ടുകളുടെ പഴക്കമുള്ള കോളാമ്പി, കിണ്ടി, മൊന്ത, ഉരുളി, കയ്യിലണിയുന്ന ചെമ്പുവളകള്‍ എന്നിവയടങ്ങുന്ന വലിയൊരു നിധിയാണ് കണ്ടെടുത്തത്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കോഴിയുടെ നഖങ്ങള്‍ പിടിച്ചെടുത്തതായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും അദ്ദേഹം കോഴിയായി അഭിനയിച്ച ഒരു സിനിമയുടെ നൂറാംദിനാഘോഷത്തില്‍ സമ്മാനിച്ച പ്ലാസ്റ്റര്‍ ഓഫ് പാരീസ് ശില്‍പമാണതെന്നു പിന്നീട് സ്ഥിരീകരിച്ചു. തങ്കപ്പന്റെയും കുട്ടപ്പന്റെയും വീടുകളില്‍ ഇനിയും തുറക്കാനുള്ള അറകളില്‍ ഒരെണ്ണം ഉരുക്കില്‍ തീര്‍ത്തും മറ്റേത് സാറ്റലൈറ്റ് നിയന്ത്രിതവുമാണ്. ഈ അറകള്‍ക്കുള്ളില്‍ എന്താണെന്നതിനെ സംബന്ധിച്ച് അഭ്യൂഹങ്ങളും കെട്ടുകഥകളും പ്രചരിക്കുകയാണ്. തങ്കപ്പന്റെ അറകളില്‍ കെഎല്‍ 7 ന്റെ വരാനിരിക്കുന്ന സീരിസുകളില്‍ തന്റെ വാഹനനമ്പര്‍ എഴുതിയ നമ്പര്‍ പ്ലേറ്റുകളും യുവതിരക്കഥാകൃത്തുക്കളുടെ കയ്യില്‍ നിന്നു വായിക്കാനായി വാങ്ങിയ തിരക്കഥകളുമാണെന്നു പ്രചാരണമുണ്ട്. ചന്ദ്രനില്‍ ഇദ്ദേഹം വാങ്ങിയതായി പറയുന്ന ഫ്ലാറ്റിലേക്ക് എളുപ്പത്തില്‍ ചെല്ലാവുന്ന ലിഫ്റ്റ് ആണ് ഒരു അറയിലെന്നും കേള്‍ക്കുന്നു. കുട്ടപ്പന്റെ വീട്ടിലെ തുറക്കാത്ത അറയില്‍ നിന്ന് ഒരു പ്രമുഖ നടിയുടെ വീട്ടിലേക്കു തുരങ്കമുള്ളതായി ശക്തമായ കഥകളുണ്ട്. ഈ നടിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരുടെ വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ വലിയൊരു പാറമടയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
വാര്‍ധ്യക്യത്തോടടുത്തുകൊണ്ടിരിക്കുന്ന തങ്കപ്പന്റെയും കുട്ടപ്പന്റെയും വീട്ടില്‍ നിന്നും കണ്ടെടുത്ത നിധി വളര്‍ന്നു വരുന്ന ന്യൂജനറേഷന്‍ താരങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് റെയ്ഡിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്നു കരുതുന്ന രാജപ്പന്‍ ആവശ്യപ്പെട്ടു. അതേസമയം, കുട്ടപ്പന്റെ വീട്ടില്‍ നിന്നും കോഴിയുടെ നഖവും മറ്റും പിടിച്ചെടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തിനു സര്‍ക്കാര്‍ നല്‍കിയ ശിക്കാരി പട്ടം തിരിച്ചെടുത്ത് മൊത്തം വെടിക്കാരുടെയും അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നു കുമാര്‍ കോഴിക്കോട് ആവശ്യപ്പെട്ടു. എന്നാല്‍, തങ്കപ്പന്റെയും കുട്ടപ്പന്റെയും വീട്ടിലെ രഹസ്യ അറകളില്‍ നിന്നു പിടിച്ചെടുത്ത നിധി അവര്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നും അതിന്റെ മേല്‍ അവകാശമുന്നയിക്കുന്നത് നികൃഷ്ടമാണെന്നും ഫാന്‍സ് അസോസിയേഷനുകള്‍ പറഞ്ഞു. ഇരുതാരങ്ങളുടെയും ഫാന്‍സ് അസോസിയേഷനുകള്‍ മാറി മാറി രാത്രി രാജപ്പന്റെ വീടിനു നേരെ കല്ലേറ് നടത്തി. ഇരുതാരങ്ങളുടെയും തല്ലിപ്പൊളി സിനിമകള്‍ കണ്ട് കാശുപോയ സാധാരണപ്രേക്ഷകര്‍ക്ക് ടിക്കറ്റിന്റെ കൌണ്ടര്‍ ഫോയ്ല്‍ ഒന്നിന് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ഈ നിധി നല്‍കണമെന്നു വിമതസംവിധായകന്‍ മുനയന്‍ ആവശ്യപ്പെട്ടു.
തങ്ങളുടെ വീട്ടില്‍ നിന്നു കണ്ടെടുത്തു എന്നു പറയുന്ന സ്വത്തുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും എല്ലാം പ്രേക്ഷകരുടേതാണെന്നും എന്നാല്‍ അത് അറകളില്‍ നിന്ന് എങ്ങോട്ടും നീക്കാന്‍ പാടില്ലെന്നും ഇരുതാരങ്ങളും പറഞ്ഞു. ആദായനികുതിവകുപ്പിന്റെ പരിശോധനയെക്കുറിച്ചു ചോദിച്ചപ്പോള്‍ അങ്ങനെ ഒരു വകുപ്പ് ഉള്ളതായി അറിവില്ലെന്നും പുതിയ സര്‍ക്കാര്‍ ഇത്തരം വകുപ്പുകള്‍ തുടങ്ങുമ്പോള്‍ സാധാരണജനങ്ങളെ അറിയിക്കാന്‍ ബാധ്യസ്ഥമാണെന്നും ഇതെപ്പറ്റി തന്റെ മന്ത്രിസുഹൃത്തിനോട് പറയുമെന്നും കുട്ടപ്പന്‍ പറഞ്ഞു. സൂപ്പര്‍താരങ്ങള്‍ക്ക് തട്ടിമുട്ടി കഴിഞ്ഞുപോകാന്‍ മാസം ഒന്നരക്കോടി രൂപയോളം വേണമെന്നത് അറിയാവുന്ന സര്‍ക്കാര്‍ സ്കോച്ച് വിസ്കിയുടെയും ഇറ്റാലിയന്‍ മാര്‍ബിളിന്റെയും വില കുറയ്ക്കാതെ റെയ്ഡുമായിറങ്ങിയത് ജനാധിപത്യവിരുദ്ധമാണെന്നും ഇതെപ്പറ്റി ബ്ലോഗിലെഴുതിക്കുമെന്നും തങ്കപ്പന്‍ ആരോപിച്ചു.
അതേ സമയം, തങ്കപ്പനും കൂട്ടപ്പനും നായകന്മാരാകുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘ഇന്‍കം ടാക്സി’ന്റെ തിരക്കഥാജോലികള്‍ തുടങ്ങിയതായി തിരക്കഥാകൃത്തുക്കളായ ഹൃദയകൃഷ്ണ-എബി കെ.തോമസ് അറിയിച്ചു. ചിത്രത്തില്‍ അതിശക്തരായ രണ്ട് ആദായനികുതി ഉദ്യോഗസ്ഥരെയാണ് ഇവര്‍ അവതരിപ്പിക്കുകയത്രേ. ആദായനികുതി ഉദ്യോഗസ്ഥര്‍ സൂപ്പര്‍താരങ്ങളെക്കാള്‍ ശക്തരാണ് എന്നു തിരിച്ചറിഞ്ഞ ഇവര്‍ തങ്ങളെ ഇന്നലെ ഉച്ചയ്ക്ക് ഇങ്ങോട്ടു വിളിച്ച് ഡേറ്റ് നല്‍കുകയായിരുന്നെന്ന് ഹൃദയകൃഷ്ണ-എബി കെ.തോമസ് അറിയിച്ചു.